വിവാഹം സംബന്ധിച്ച കത്തോലിക്കാ പ്രമാണങ്ങൾ മാറ്റമില്ലാതെ തുടരും; ആശീർവാദം സ്വവർഗ ബന്ധങ്ങൾക്കല്ല വ്യക്തികൾക്കാണെന്ന് വിശ്വാസ തിരുസംഘം

വിവാഹം സംബന്ധിച്ച കത്തോലിക്കാ പ്രമാണങ്ങൾ മാറ്റമില്ലാതെ തുടരും; ആശീർവാദം സ്വവർഗ ബന്ധങ്ങൾക്കല്ല വ്യക്തികൾക്കാണെന്ന് വിശ്വാസ തിരുസംഘം

കൗദാശികമായ യാതൊരു അർത്ഥവും ഇത്തരം ആശീർവാദങ്ങൾക്കില്ലെന്ന് വിശ്വാസ തിരുസംഘം വ്യക്തമാക്കുന്നു

വത്തിക്കാൻ സിറ്റി: വിവാഹം എന്ന കൂദാശ സംബന്ധിച്ച കത്തോലിക്കാ പ്രമാണങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന് വെളിപ്പെടുത്തി വിശ്വാസ തിരുസംഘം. വിശ്വാസ കാര്യങ്ങൾക്കായുള്ള റോമൻ ഡിക്കാസ്റ്ററി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്ന ‘ഫിദൂച്യ സൂപ്പ്ളിക്കൻസ്’ (Fiducia supplicans) എന്ന രേഖയെക്കുറിച്ച് ഉയർന്നു വന്ന വിവിധ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് വിശ്വാസ തിരുസംഘം പുതിയ പ്രസ്‌താവന പുറത്തിറക്കിയത്. ലളിതമായ അജപാലന ആശീർവാദം വ്യക്തികൾ തമ്മിലുള്ള സ്വവർ​ഗ ബന്ധത്തിനല്ല വ്യക്തികൾക്കാണെന്നും പ്രസ്താവന പറയുന്നു.

വിവാഹം സംബന്ധിച്ച സഭയുടെ ഉദ്ബോധനത്തിലോ, പ്രമാണത്തിലോ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രസ്‌താവന ഡിക്കാസ്റ്ററി വീണ്ടും ആവർത്തിച്ചു. ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസും, സെക്രട്ടറി മോൺസിഞ്ഞോർ അർമാന്തോ മത്തെയോയും ഒപ്പിട്ട പുതിയ പത്രക്കുറിപ്പിൽ, വിവാഹവും ലൈംഗികതയും സംബന്ധിച്ച സഭാപരമായ നിലപാടിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് ഇരുവരും വിശദീകരിച്ചു.

പുരുഷനും സ്ത്രീയും ഒരുമിച്ചുചേരുന്ന ബന്ധത്തെയാണ് വിവാഹമെന്ന കൂദാശ എന്നതിലൂടെ സഭ എപ്പോഴും മുന്നോട്ടുവയ്ക്കുന്നതെന്ന്, വിശ്വാസവുമായി ബന്ധപ്പെട്ട മുൻരേഖയുടെ ആമുഖത്തിന്റെ 4, 5, 11 ഖണ്ഡികകളിൽ വ്യക്തമാണെന്ന് ഡിക്കാസ്റ്ററി ഓർമ്മപ്പെടുത്തി. സഭാ പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായതൊന്നും ‘ഫിദൂച്യ സൂപ്പ്ളിക്കൻസ്’ പഠിപ്പിക്കുന്നില്ലെന്നും വിശ്വാസ തിരുസംഘം കൂട്ടിച്ചേർത്തു.

ഒരേ വർ​ഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെയല്ല സഭ ആശീർവദിക്കുന്നതെന്ന് ഡിക്കാസ്റ്ററിയുടെ പത്രക്കുറിപ്പ് ആവർത്തിച്ച് വ്യക്തമാക്കി. ലളിതമായ അജപാലന ആശീർവാദം വ്യക്തികൾക്ക് നൽകുന്നതിനെക്കുറിച്ചാണ് സഭ പഠിപ്പിച്ചതെന്നും വിശ്വാസ തിരുസംഘം വിശദീകരിച്ചു. അതായത് ആശീർവദിക്കുന്നത് ബന്ധത്തെയല്ല വ്യക്തിയെയാണ്

ദൈവസഹായം ആവശ്യപ്പെടുന്ന രണ്ടു വ്യക്തികൾക്ക് ഒരു ഇടയൻ നൽകുന്ന മറുപടി മാത്രമാണ് ഇത്തരത്തിലുള്ള ആശീർവാദം കൊണ്ട് സഭ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ, ആരാധനാക്രമപരമായ ഒരു ചടങ്ങായി തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ ഇത് ഒരു രൂപതകളിലും നടത്താൻ മെത്രാന്മാർ ശ്രമിക്കരുതെന്നും മനസ്സിലാക്കേണ്ടതുണ്ട്. കൗദാശികമായ യാതൊരു അർത്ഥവും ഇത്തരം ആശീർവാദങ്ങൾക്കില്ലെന്ന് വിശ്വാസ തിരുസംഘം ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.