രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ആറു വിക്കറ്റിനാണ് ഓസീസ് ജയം. ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് വെറും നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഒരു ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 130 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ഷെഫാലി വര്‍മയെ രണ്ടാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി കിം ഗാര്‍ത്ത് ഇന്ത്യയെ പ്രതിരോധത്തിലാക്കി.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി ഇന്ത്യയെ വരിഞ്ഞു മുറുക്കുകയായിരുന്നു ഓസീസ്. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ (30) ടോപ് സ്‌കോററായി. റിച്ച ഘോഷ് (23), സ്മൃതി മന്ദാന (23) എന്നിവര്‍ക്ക് മാത്രമേ സംഭാവന ചെയ്യാന്‍ സാധിച്ചുള്ളു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഗാര്‍ത്ത്, സദര്‍ലന്‍ഡ്, വേര്‍ഹാം എന്നിവര്‍ ഈ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയതോടെ ഓസീസ് അനായാസ ജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഇരുവരെയും മടക്കി ദീപ്തി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. തുടര്‍ന്ന് പെട്ടെന്ന് നാല് വിക്കറ്റ് നേടി ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചെത്തി.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച എല്ലിസ് പെറി ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 21 പന്തുകളില്‍ നിന്ന് 34 റണ്‍സ് നേടിയ പെറി പുറത്താകാതെ നിന്ന് ഓസീസിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. കിം ഗാര്‍ത്ത് ആണ് കളിയിലെ താരം.

ആദ്യ മല്‍സരം ഇന്ത്യയും രണ്ടാം മല്‍സരം ഓസീസും ജയിച്ചതോടെ 1-1ന് സമനിലയിലാണ് പരമ്പരയിപ്പോള്‍.ചൊവ്വാഴ്ചയാണ് പരമ്പരയിലെ അവസാന മല്‍സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.