തടവിലായിട്ട് 20 ദിവസം; നിക്കരാഗ്വന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത സിയുന രൂപത ബിഷപ്പ് എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് യു.എന്‍

തടവിലായിട്ട് 20 ദിവസം; നിക്കരാഗ്വന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത സിയുന രൂപത ബിഷപ്പ് എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് യു.എന്‍

മനാഗ്വേ: നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം അന്യായമായി അറസ്റ്റ് ചെയ്ത സിയുന രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഇസിഡോറോ ഡെല്‍ കാര്‍മെന്‍ മോറയെ എവിടെയാണെന്ന് രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്നതെന്ന് അടിയന്തരമായി ലോകത്തോടു വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഹൈക്കമ്മീഷണറുടെ ഓഫീസ്.

നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ ഡിസംബര്‍ 20-നാണ് ബിഷപ്പിനെ കസ്റ്റഡിയിലെടുത്തത്.

20 ദിവസമായിട്ടും ബിഷപ്പ് ഇസിഡോറോയെ കുറിച്ച് യാതൊരു വിവരവുമില്ല. വിവരങ്ങള്‍ മറച്ചുവെച്ച്, മെത്രാനെ അഭിഭാഷകരില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നത് അദേഹത്തിന്റെ ജീവനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

ഇതുകൂടാതെ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്യുന്നതിനെയും മനുഷ്യാവകാശ സംഘടന അപലപിച്ചു. ഭരണകൂടം അവരുടെ വ്യക്തി സ്വാതന്ത്ര്യം മാത്രമല്ല ഹനിക്കുന്നത്, ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും നെടുംതൂണായ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം കൂടിയാണ് ഹനിക്കുന്നതെന്ന് സംഘടന ഓര്‍മിപ്പിച്ചു.

അന്യായമായി രാജ്യദ്രോഹ കുറ്റം ചുമത്തി 26 വര്‍ഷം ജയിലില്‍ ഇട്ടിരിക്കുന്ന മതഗല്‍പ്പ രൂപതയുടെ മെത്രാന്‍ റൊളാണ്‍ഡോ അല്‍വാരസിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പറഞ്ഞതിന് പിന്നാലെയാണ് ഇസിഡോറോ മോറ അറസ്റ്റിലായത്. രണ്ട് സെമിനാരി വിദ്യാര്‍ത്ഥികളെയും ഇതോടൊപ്പം കാണാതായെന്ന് നിക്കരാഗ്വേന്‍ ഗവേഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മാര്‍താ പട്രീഷ്യ വെളിപ്പെടുത്തിയിരുന്നു. ഡാനിയേല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടമാണ് നിക്കരാഗ്വേയിലെ പുരോഹിത വേട്ടയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

നിക്കരാഗ്വേന്‍ സ്വേച്ഛാധിപത്യം നടത്തിയ അതിക്രമങ്ങളുടെ പട്ടികയില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ചതാണ് മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിന്റെ അറസ്റ്റ്. ഭരണകൂടത്തിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത അദ്ദേഹത്തെ 2022 ഓഗസ്റ്റില്‍ വീട്ടുതടങ്കലിലാക്കി. നീണ്ട വിചാരണയ്ക്ക് ശേഷം, 2023 ഫെബ്രുവരിയില്‍ അല്‍വാരസിനെ 'മാതൃരാജ്യത്തെ രാജ്യദ്രോഹി' എന്ന കുറ്റം ചുമത്തി 26 വര്‍ഷത്തിലധികം തടവിന് ശിക്ഷിച്ചു. ബിഷപ്പ് ഇപ്പോഴും തടവില്‍ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.