നാല് വയസുകാരനെ കൊന്ന് ബാഗിലാക്കിയ സംഭവം: യുവതിയുടെ ഭര്‍ത്താവ് മലയാളി; ഇരുംവരും വിവാഹമോചന നടപടിയിലെന്ന് പൊലീസ്

നാല് വയസുകാരനെ കൊന്ന് ബാഗിലാക്കിയ സംഭവം: യുവതിയുടെ ഭര്‍ത്താവ് മലയാളി; ഇരുംവരും വിവാഹമോചന നടപടിയിലെന്ന് പൊലീസ്

ബംഗളൂരു: ഗോവയിവച്ച് നാല് വയസുകാരനെ കൊന്ന് ബാഗിലാക്കിയ യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന് പൊലീസ്. ഇവരുടെ വിവാഹമോചന നടപടികളുടെ അവസാന ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തെങ്കില്‍ മാത്രമെ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരുവില്‍ താമസിക്കുന്ന സുചേന സേത്ത് എന്ന യുവതി പശ്ചിമംബംഗാള്‍ സ്വദേശിനിയാണ്. സൂചേനയുടെ ഭര്‍ത്താവ് മലയാളിയാണെന്നും പൊലീസ് പറഞ്ഞു. മൈന്‍ഡ്ഫുള്‍ എഐ ലാബ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ ആയ സൂചേന സേത്ത് നാല് വയസുള്ള മകനെ ഗോവയില്‍വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റിലായത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് സുചേന കുഞ്ഞിനെ കൊലപ്പെടുത്തിയത്. പൊലീസ് മൃതദേഹം കണ്ടെടുത്തിരുന്നു.

കേസ് അന്വേഷണ സംഘം ഇപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് ഉള്ളതെന്ന് പൊലീസ് സൂപ്രണ്ട് നിധിന്‍ വല്‍സന്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈകുന്നേരത്തോടെ സുചേനയെ ഗോവയിലെത്തിക്കും. പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും എസ്പി അറിയിച്ചു.

പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുകയുളളു. യുവതിയുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് ജക്കാര്‍ത്തയിലാണ് ഉള്ളതെന്നും വിവരം അദേഹത്തെ അറിയിച്ചതായും എസ്പി പറഞ്ഞു. കൊല ചെയ്ത ശേഷം കുട്ടിയുടെ മൃതദേഹം ബാഗില്‍ കുത്തിനിറയ്ക്കുകയായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണ വ്യക്തമാകുകയുള്ളുവെന്നും എസ്പി വ്യക്തമാക്കി.

ശനിയാഴ്ച കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്മെന്റിലെത്തിയ സുചേന തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ബംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാന്‍ ടാക്സി വേണമെന്ന് അവര്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്സി വേണമെന്ന് അവര്‍ വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്സിയില്‍ ബാഗുമായി അവര്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടെങ്കിലും കുഞ്ഞ് സുചേനയ്ക്കൊപ്പം ഉണ്ടായിരുന്നില്ല. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പമാണെന്ന പറഞ്ഞ സുചേന തെറ്റായ വിലാസം നല്‍കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ടാക്സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. ചിത്രദുര്‍ഗ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.