കൊച്ചി: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് ആയി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിന് ആശംസയര്‍പ്പിച്ച് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. സീറോ മലബാര്‍ സഭയുടെ വളരെ നിര്‍ണായകമായ കാലഘട്ടത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് ശുശ്രൂഷ ഏറ്റെടുക്കുന്നതെന്നും സീറോ മലബാര്‍ സഭയുടെ പ്രേഷിത ചൈതന്യത്തിന് കൂടുതല്‍ മിഴിവും ശുശ്രൂഷയ്ക്ക് കൂടുതല്‍ കരുത്തുമേകുന്നതിന് റാഫേല്‍ തട്ടില്‍ പിതാവിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രേഷിത ചൈതന്യ ഭൂമിയില്‍ തന്റെ ഇടയ ശുശ്രൂഷ നിര്‍വഹിച്ച മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സഭയെന്ന മാര്‍ത്തോമ പൈതൃകമുള്ള വലിയ സഭയുടെ വലിയ ശുശ്രൂഷ ഏറ്റെടുക്കുകയാണ്.
ഈ അപ്പസ്തോലിക സഭയുടെ ശുശ്രൂഷ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ദൈവോന്മുഖതയിലും മനുഷ്യബന്ധത്തിലും ദിശാബോധത്തിലും സഭയെ നയിക്കുന്നതിന് അദ്ദേഹം സന്നദ്ധനും സമര്‍പ്പിതനുമെന്ന് തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ് സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ ഈ പരിശുദ്ധാത്മ നിയോഗത്തില്‍ അദ്ദേഹത്തെ പൂര്‍ണമായി വിശ്വസിച്ച് കൂടെ നില്‍ക്കുക.
മാര്‍ തട്ടില്‍ ഇതുവരെ നല്‍കിയിട്ടുള്ള ശുശ്രൂഷകള്‍ക്ക് പ്രത്യേക മാനവും പുതിയ ദിശാബോധവും കൈവരികയാണ്. സീറോ മലബാര്‍ സഭാ ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു.
ഈ അപ്പസ്തോലിക സഭയുടെ പ്രേഷിത ചൈതന്യം സജീവ സാക്ഷ്യമായി ലോകത്തിന് നല്‍കുകയെന്ന പ്രേഷിത ധര്‍മം അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഇതുവരെയും ഈ സഭ നല്‍കിയിട്ടുള്ള പ്രേഷിത ചൈതന്യത്തിന്റെ മിഴിവാര്‍ന്ന സാക്ഷ്യവും അടയാളങ്ങളും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇന്ന് പ്രകടമാണ്. ഈ ശുശ്രൂഷക്ക് കൂടുതല്‍ കരുത്തേകുന്നതിന് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന് സാധിക്കും.
എല്ലാവരോടമുള്ള അദ്ദേഹത്തിന്റെ തുറന്ന സമീപവും സമ്പര്‍ക്കവും സംഭാഷണവും ഇതിനേറെ ഗുണപരമായ വര്‍ധനവുണ്ടാക്കും. അദ്ദേഹത്തിന്റെ ഈ പുതിയ സഭാ മേലധ്യക്ഷ ശുശ്രൂഷ അദ്ദേഹം ഏറ്റെടുക്കുന്നത് സഭയുടെ നിര്‍ണായകമായ ഒരു കാലഘട്ടത്തിലാണ്.
പ്രതിബന്ധങ്ങള്‍ക്കും പ്രതിസന്ധിക്കുമിടയില്‍ പ്രത്യാശ പകരുന്ന ശുശ്രൂഷയായി അദ്ദേഹത്തിന്റെ സേവനം മാറുകയാണ് സ്വര്‍ഗം ആഗ്രഹിക്കുന്നത്. ദൈവം ഈ സഭക്ക് നല്‍കുന്ന വലിയ പ്രത്യാശയുടെ സമ്മാനമായി, പ്രതീക്ഷയുടെ വരദാനമായി കൂടുതല്‍ ശോഭയോടെ, കൂടുതല്‍ സുവിശേഷ അധിഷ്ഠിതമായ സമീപനങ്ങളോടെ സീറോ മലബാര്‍ സഭയെ നയിക്കുന്നതിന് അദ്ദേഹത്തിന് കഴിയുമാറാകട്ടെയെന്നും ക്ലിമിസ് കത്തോലിക്ക ബാവ ആശംസിച്ചു.
സീറോ മലബാര്‍ സഭക്ക് ഈ സന്ദര്‍ഭത്തില്‍ എല്ലാവിധ ദൈവാനുഗ്രഹങ്ങളും പുതിയ കാലഘട്ടത്തിന്റെ എല്ലാ മംഗളങ്ങളും സന്തോഷത്തോടെ നേരുന്നു. സഭയുടെ പുതിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് കെ.സി.ബി.സിയുടെ അഭിനന്ദനങ്ങളും ആശംസകളും കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26