കൊച്ചി: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന് കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
ദിവ്യബലി മധ്യേ മുഖ്യ കാര്‍മികന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ നിയുക്ത ആര്‍ച്ച് ബിഷപ്പിനെ സ്ഥാനിക ചിഹ്നങ്ങളായ ചുവന്ന തൊപ്പി ധരിപ്പിക്കുകയും അംശവടി കൈമാറുകയും ചെയ്തു.
പിന്നീട് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സിംഹാസനത്തിലേക്ക് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ ആനയിച്ചിരുത്തി. തുടര്‍ന്ന് അദേഹം സമാപന ആശീര്‍വാദം നല്‍കുകയും സ്ഥാനാരോഹണ ചടങ്ങില്‍ സന്നിഹിതരായ മുഴുവന്‍ മെത്രാന്‍മാരുടെയും സ്‌നേഹാശ്ലേഷണങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തു.
കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭയുടെ അധ്യക്ഷനുമായ ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്ക ബാവ, ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല, സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്‍മാര്‍, തിരഞ്ഞെടുക്കപ്പെട്ട വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികളും പങ്കെടുത്തു.
ജനുവരി എട്ടിനാരംഭിച്ച മുപ്പത്തിരണ്ടാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനത്തിലെ രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
കാനോനിക നടപടികള്‍ പൂര്‍ത്തിയാക്കി മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്ത വിവരം മാര്‍പാപ്പയെ അറിയിച്ച് സിനഡില്‍ പങ്കെടുത്ത പിതാക്കന്മാരെല്ലാം ഒപ്പുവെച്ച കത്തും തന്റെ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സ്വന്തം കൈപ്പടയില്‍ നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് എഴുതിയ കത്തും അപ്പസ്‌തോലിക കാര്യാലയം വഴി മാര്‍പാപ്പയ്ക്ക് അന്നു തന്നെ സമര്‍പ്പിച്ചിരുന്നു.
മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കികൊണ്ടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ റാഫേല്‍ തട്ടില്‍ സിനഡിന് മുന്‍പില്‍ വിശ്വാസ പ്രഖ്യാപനവും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുമെന്നുള്ള പ്രതിജ്ഞയും നടത്തി.
ഇന്നലെ വൈകുന്നേരം 4.30 ന് സഭയുടെ കേന്ദ്ര കാര്യാലയത്തിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് സിനഡ് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പു വിവരം പ്രഖ്യാപിച്ചത്. വത്തിക്കാനിലും ഇതേ സമയം പ്രഖ്യാപനം നടന്നു.
തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കലും സിനഡ് സെക്രട്ടറിയും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും ചേര്‍ന്ന് ഓഡിറ്റോറിയത്തിലേക്കു ആനയിച്ചു.
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ബൊക്കെ നല്‍കി ആശംസകള്‍ അര്‍പ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.