ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: മാര്‍ റാഫേല്‍ തട്ടില്‍

ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം തന്നെ ഓര്‍മ്മിപ്പിക്കുന്നതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദേഹം.

ഒത്തിരിയേറെ പേരുടെ പ്രാര്‍ത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയര്‍ത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ദൈവഹിത പ്രകാരം തന്നെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്ത സിനഡ് പിതാക്കന്മാര്‍ക്കും സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ക്രമീകരണങ്ങളൊരുക്കിയ കൂരിയാ അംഗങ്ങള്‍ക്കും തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന വിശ്വാസിസമൂഹത്തിനും മാര്‍ റാഫേല്‍ തട്ടില്‍ കൃതജ്ഞതയറിയിച്ചു.

തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും അദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃ ശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ലെന്ന് മറുപടി പ്രസംഗത്തില്‍ സഭാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ദേവാലയത്തില്‍നിന്ന് ആരംഭിച്ച പ്രദിക്ഷണത്തോടെയാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് തുടക്കമായത്. സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും സിനഡ് പിതാക്കന്മാരെയും പ്രതിനിധികളായെത്തിച്ചേര്‍ന്നവരെയും സ്വാഗതം ചെയ്തു. സഭാ സിനഡ് തെരഞ്ഞെടുത്ത മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു.

സ്ഥാനാരോഹണ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും സ്വീകരിച്ച് ഔദ്യോഗിക പീഠത്തില്‍ ഇരുന്നതോടെ മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.

തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കൃതജ്ഞതാബലി മധ്യേയുള്ള വചന സന്ദേശം നല്‍കിയത് തലശേരി അതിരൂപതാ മെത്രാപ്പോലീത്തയും സിനഡ് സെക്രട്ടറിയുമായ മാര്‍ ജോസഫ് പാംപ്ലാനിയായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ഹ്രസ്വവും ലളിതവുമായ അനുമോദന സമ്മേളനത്തില്‍ കെ.സി.ബി.സി. പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ, സി.ബി.സി.ഐ. പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് കണ്ണൂര്‍ ബിഷപ് അലക്‌സ് വടക്കുംതല, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ഔഗിന്‍ കുര്യാക്കോസ്, എറണാകുളം-അങ്കമാലി അതിരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.

സന്യസ്ത വൈദികരുടെ പ്രതിനിധിയായി സി.എം.ഐ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തംപറമ്പില്‍, സന്യാസിനിമാരുടെ പ്രതിനിധിയായി സി.എം.സി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ്, സമര്‍പ്പിത സഹോദരന്മാരുടെ പ്രതിനിധിയായി സി.എസ്.റ്റി സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ വര്‍ഗീസ് മഞ്ഞളി, അല്‍മായ സംഘടനകളെ പ്രതിനിധീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, മാതൃവേദി ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, എസ്.എം.വൈ.എം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി. സീറോമലബാര്‍ സഭാ ആന്തം ആലപിച്ചതോടെയാണ് സ്ഥാനാരോഹണ ശുശ്രൂഷ പൂര്‍ത്തിയായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.