കോട്ടയം: ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനില്‍ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നതെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തെപ്പറ്റി ഫെയ്‌സ് ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദേഹം.
അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാര്‍ഗമായി മാറിയെന്നുമായിരുന്നു എം.ടിയുടെ വിമര്‍ശനം. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റുപറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി പറഞ്ഞു.
അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം.ടി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്‍പ്പത്തെ മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം.ടി പറഞ്ഞു.
'ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്' എന്നാണ് അദേഹം പിന്നീട് സോഷ്യല്‍ മീഡിയയിലുടെ പ്രതികരിച്ചത്.
ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
എം.ടിയുടെ സുവിശേഷം
അധികാരത്തിന്റെ നൈതികതയെ കുറിച്ചുള്ള എം.ടിയുടെ വിചാരങ്ങള്‍ ഫാസിസത്തിന്റെ എല്ലാ ആവിഷ്‌കാരങ്ങളോടും സമരസപ്പെട്ടു കഴിഞ്ഞ കേരള സമൂഹത്തിന്റെ മാനസാന്തരം ആവശ്യപ്പെടുന്ന സുവിശേഷമാണ്.
ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനും പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും ഇന്ന് സംഭവിച്ചിരിക്കുന്ന വ്യതിയാനങ്ങളും വൈകല്യങ്ങളും തുറന്നു കാട്ടിയ എം.ടി അധികാരത്തെ കുറിച്ചുള്ള ബദല്‍ ഇടതുപക്ഷ രാഷ്ട്രീയ സങ്കല്‍പങ്ങളും മാതൃകകളുമാണ് തന്റെ പ്രഭാഷണത്തിലൂടെ അവതരിപ്പിച്ചത്.
എം.ടിയുടെ വിമര്‍ശനങ്ങളുടെയും ബദല്‍ വിചാരങ്ങളുടെയും വെളിച്ചത്തിലുള്ള മൗലികമായ തിരുത്തലുകളാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും നേതാക്കളില്‍ നിന്നും കേരള സമൂഹം പ്രതീക്ഷിക്കുന്നത്.
എം.ടിയുടെ സുവിശേഷം കേരളത്തിലെ ക്രൈസ്തവ സഭക്കും പ്രസക്തമായ ഒരു സുവിശേഷമാണ്. ആള്‍ക്കൂട്ടത്തെ കുഞ്ഞാടുകളായും സ്തുതിഗീതങ്ങള്‍ ആലപിക്കുന്ന ഗായക സംഘങ്ങളായും പഴമയുടെ ഉപാസകരായും നിലനിര്‍ത്തി, ശുശ്രൂഷയെ സമഗ്രാധിപത്യമാക്കി തീര്‍ത്തിരിക്കുന്ന 'പരമാധ്യക്ഷര്‍,' യേശുവില്‍ വെളിപ്പെട്ട അധികാരത്തിന്റെ ക്രൈസ്തവ നൈതികതയുടെ വെളിച്ചത്തില്‍ മനസാന്തരപ്പെടണം എന്നതാണ് ഈ സുവിശേഷത്തിന്റെ സന്ദേശം.
എന്നാല്‍ ഈ മാനസാന്തരം ആവശ്യമായിരിക്കുന്നത് കേവലം മെത്രാച്ചന്മാര്‍ക്ക് മാത്രമല്ല. അധികാരമെന്നത് അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും പദവിയാണെന്ന സങ്കല്‍പത്തിലാണ് സെമിനാരി അധ്യാപകര്‍, വൈദികര്‍, അത്മായ നേതാക്കള്‍ തുടങ്ങി സഭയിലെ നേതൃനിരയിലുള്ളവരെല്ലാം തന്നെ തങ്ങളുടെ അധികാരത്തെ ഉപയോഗിക്കുന്നത്.
ആള്‍ക്കൂട്ടം, സ്വന്തം നിയോഗം തിരിച്ചറിഞ്ഞു സംഗതമായ സാക്ഷ്യം നിര്‍വ്വഹിക്കുന്ന ശിഷ്യ സമൂഹമായി രൂപാന്തരപ്പെടുന്നതിന് പ്രേരകമാകുന്ന ചാലക ശക്തിയാകണം അധികാരം. ഈ തിരിച്ചറിവിനും അതിന്റെ അടിസ്ഥാനത്തിലുള്ള മനസാന്തരത്തിനുമുള്ള ആഹ്വാനമാണ് എം.ടിയുടെ സുവിശേഷം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.