ശ്രുതി തരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാന രഹിതം; ആശുപത്രികള്‍ക്ക് കുടിശികയില്ല : മന്ത്രി വീണാ ജോര്‍ജ്

ശ്രുതി തരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാന രഹിതം; ആശുപത്രികള്‍ക്ക് കുടിശികയില്ല : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ശ്രവണ വൈകല്യം നേരിടുന്ന അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ശ്രുതി തരംഗം പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പദ്ധതി ഏറ്റെടുത്തത് മുതല്‍ ദ്രുതഗതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. പുതിയ ഉപകരണങ്ങള്‍ ഇംപ്ലാന്റ് ചെയ്യുന്നതിനായി സമര്‍പ്പിക്കപ്പെട്ട 84 അപേക്ഷകളില്‍ 25 ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ആശുപത്രികള്‍ക്ക് തുക കൈമാറിയിട്ടുണ്ട്.

നിലവില്‍ 112 പേര്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അറ്റകുറ്റപണികള്‍ക്കൊപ്പം പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടി ലഭ്യമായ 120 അപേക്ഷകളില്‍ 117 നും സംസ്ഥാന ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. അര്‍ഹരായ എല്ലാ കുട്ടികളെയും പരിഗണിക്കാനുള്ള നടപടികള്‍ പുരോഗമിക്കവേ ഇത്തരം പ്രചാരണം കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കോക്ലിയര്‍ ഇംപ്ലാന്റേഷനുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ സംശയങ്ങള്‍ക്കും ഏതെങ്കിലും ആശുപത്രിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ 0471-4063121, 2960221 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.