സിനഡാലിറ്റിയുടെ യഥാര്‍ഥ ചൈതന്യം സ്വാംശീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ റാഫേല്‍ തട്ടില്‍

സിനഡാലിറ്റിയുടെ യഥാര്‍ഥ ചൈതന്യം സ്വാംശീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: സിനഡാലിറ്റിയുടെ യഥാര്‍ഥ ചൈതന്യം ഉള്‍ക്കൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സിനഡ് പിതാക്കന്മാരെ ആഹ്വാനം ചെയ്തു.

മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനം ഏറ്റെടുത്ത ശേഷം വിളിച്ചു ചേര്‍ത്ത മുപ്പത്തിരണ്ടാമത് സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

സിനഡാലിറ്റിയുടെ ചൈതന്യം സഭാ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്വാംശീകരിക്കേണ്ടതുണ്ട്. അതിനായി പരസ്പരം കേള്‍ക്കാനും അതുവഴി മറ്റുള്ളവരെ മനസിലാക്കാനും സാധിക്കണം. പരസ്പരം മനസിലാക്കുന്നതിലൂടെയും ബഹുമാനിക്കുന്നതിലൂടെയും മാത്രമേ സിനഡാലിറ്റി വിഭാവനം ചെയ്യുന്ന ഒരുമിച്ചു നടക്കല്‍ അര്‍ഥ പൂര്‍ണമാവുകയുള്ളുവെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിന് ജനുവരി എട്ടിനാരംഭിച്ച മുപ്പത്തിരണ്ടാം സിനഡിന്റെ ഒന്നാം സമ്മേളനം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതോടെ പത്താം തിയതി സമാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണവും സഭയുടെ കേന്ദ്ര കാര്യാലയത്തില്‍ ജനുവരി 11 ന് നടത്തിയത്.

മുപ്പത്തിരണ്ടാമത് സിനഡിന്റെ ഇന്നാരംഭിച്ച രണ്ടാം സമ്മേളനം നാളെ വൈകുന്നേരം ആറിന് സമാപിക്കും. സിനഡിന്റെ അടുത്ത സമ്മേളനം 2024 ഓഗസ്റ്റില്‍ നടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.