ബഹിരാകാശത്തിന്റെ ഗന്ധം എന്താണ്?; അനുഭവങ്ങള്‍ പങ്കിട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബഹിരാകാശ യാത്രികര്‍

ബഹിരാകാശത്തിന്റെ ഗന്ധം എന്താണ്?; അനുഭവങ്ങള്‍ പങ്കിട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബഹിരാകാശ യാത്രികര്‍

കാലിഫോര്‍ണിയ: ഭൂമിക്കപ്പുറമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ ഏതൊരാള്‍ക്കും എപ്പോഴും കൗതുകമുണ്ടാകും. അങ്ങനെയെങ്കില്‍ ബഹിരാകാശത്തിന്റെ ഗന്ധം എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ബഹിരാകാശത്ത് ജീവവായുവായ ഓക്സിജന്‍ ഇല്ലെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രത്യേക സ്യൂട്ടുകള്‍ ധരിച്ചാണ് ബഹിരാകാശ സഞ്ചാരികള്‍ അവിടെ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ മൂക്കുകൊണ്ട് ഗന്ധം മനസിലാക്കാന്‍ മനുഷ്യന് സാധിച്ചിട്ടില്ല.

എന്നാല്‍ ബഹിരാകാശത്തിന്റെ ഗന്ധമെന്തെന്ന് ചില ബഹിരാകാശ യാത്രികള്‍ തങ്ങളുടെ യാത്ര കഴിഞ്ഞ് വിവരിച്ചിട്ടുണ്ട്. പേടകത്തേക്ക് മടങ്ങിയെത്തിയശേഷം അവരുടെ സ്യൂട്ടുകളില്‍ നിന്നാണ് അവര്‍ ബഹിരാകാശത്തെ ഗന്ധത്തെ കുറിച്ച് മനസിലാക്കിയത്.

അപ്പോളോ മൂണ്‍ ലാന്‍ഡിംഗ് സമയത്ത്, ബഹിരാകാശ യാത്രികര്‍ ഈ ഗന്ധത്തെ വെടിമരുന്ന് പോലെയെന്നാണ് വിശഷിപ്പിച്ചത്. അതേ സമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പോയവരില്‍ ചിലര്‍ അതിനെ കരിഞ്ഞുപോയ മാംസത്തിന്റെ ഗന്ധത്തോടാണ് താരതമ്യപ്പെടുത്തിയത്.

സ്‌പേസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ വന്ന റിപ്പോര്‍ട്ടിലാണ് ബഹിരാകാശ യാത്രികര്‍ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

അന്താരാഷ്ര ബഹിരാകാശ നിലയത്തില്‍ മുന്‍പ് പോയിട്ടുള്ള പര്യവേക്ഷകന്‍ പെഗ്ഗി വൈറ്റ്സണ്‍ 2002-ല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വെടിവച്ചതിന് ശേഷം ഉടന്‍ തോക്കില്‍ നിന്നുയരുന്ന ഗന്ധമാണ് ബഹിരാകാശത്തിന്റെ ഗന്ധം എന്ന് പറയുന്നു.

ബഹിരാകാശ നടത്തത്തിന് ശേഷം സ്യുട്ട് ഊരിയ ചില ബഹിരാകാശ സഞ്ചാരികള്‍ക്ക് റാസ്ബെറിയുടെയും റമ്മിന്റെയും ഗന്ധം അനുഭവപ്പെട്ടു.

ലോഹത്തിന്റെയും കരിഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധം പോലെയാണെന്നും പറഞ്ഞവരുണ്ട്. പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ ആണ് ഈ ഗന്ധത്തിന് കാരണം. ഭൂമിയിലെ കരിഞ്ഞ ഭക്ഷണങ്ങളിലും പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിദ്ധ്യമുണ്ട്. അതായത് ഒരൊറ്റ ഗന്ധമല്ല, ഭൂമിയിലെ വ്യത്യസ്തമായ സ്ഥലങ്ങള്‍ക്കും വസ്തുക്കള്‍ക്കും വ്യത്യസ്തമായ ഗന്ധം ഉള്ളത് പോലെ തന്നെയാണ് ബഹിരാകാശത്തിന്റെയും അവസ്ഥ.

ഇതിന് മുന്‍പ് ബഹിരാകാശത്തിന്റെ ഗന്ധമുള്ള പെര്‍ഫ്യൂം ഒരു കമ്പനി ഇറക്കിയിരുന്നു. അമേരിക്കയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നാസയ്ക്ക് വേണ്ടിയാണ് ആദ്യം ഈ ഗന്ധമുള്ള പെര്‍ഫ്യൂം തയ്യാറാക്കിയത്. ഒമേഗ ഇന്‍ഗ്രീഡിയന്റ്സ് എന്ന കമ്പനിയുടെ സ്ഥാപകനും രസതന്ത്ര ശാസ്ത്രജ്ഞനുമായ സ്റ്റീവ് പിയേഴ്സ് ആണ് യു ഡേ സ്പേസ് പെര്‍ഫ്യൂമിന് പിന്നില്‍. ബഹീരാകാശത്തേക്ക് പോകുന്ന പര്യവേക്ഷകര്‍ക്ക് അവിടത്തെ സാഹചര്യവുമായി മുന്‍കൂട്ടി പൊരുത്തപ്പെടാന്‍ ആണ് ഈ പെര്‍ഫ്യൂം തയ്യാറാക്കിയത്. ബഹിരാകാശ പര്യവേഷകര്‍ പറഞ്ഞത് പോലെ ഗണ്‍ പൗഡറിന്റെയും കരിഞ്ഞ മാംസത്തിന്റെയും റാസ്ബെറിയുടെയും റമ്മിന്റെയും എല്ലാം ചേര്‍ന്ന ഒരു സങ്കര ഗന്ധമാണ് പെര്‍ഫ്യൂമിന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.