തിരുവനന്തപുരം: എ.ഐ ക്യാമറകളില്‍ പതിയുന്ന 'പ്രേതരൂപങ്ങള്‍' വീണ്ടും ചര്‍ച്ചയാകവെ ക്യാമറയുടെ സാങ്കേതിക തകരാറിലേക്ക് വിരല്‍ചൂണ്ടുകയാണ് വിദഗ്ധര്‍. രണ്ട് മാസം മുന്‍പ് കണ്ണൂര്‍ പയ്യന്നൂരില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയ സംഭവത്തില്‍ പിന്‍സീറ്റില്‍ കണ്ട സ്ത്രീരൂപം 'പ്രേതമാണെന്ന' തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
എന്നാല്‍ ആ ഫോട്ടോയില്‍ പിന്‍സീറ്റില്‍ ഉണ്ടായിരുന്നത് ആണ്‍കുട്ടിയാണെന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം നല്‍കിയിരുന്നു. യുവാവും അമ്മയുടെ സഹോദരിയും മുന്നിലും രണ്ട് കുട്ടികള്‍ പിന്നിലുമായാണ് സഞ്ചരിച്ചത്. സ്ത്രീയുടെ രൂപം പതിഞ്ഞതിനൊപ്പം കുട്ടികളുടെ രൂപം ചിത്രത്തില്‍ പതിഞ്ഞിരുന്നില്ല. രാത്രിയിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
ഐ.ആര്‍ സെന്‍സറുകള്‍ വഴിയാണ് ക്യാമറയില്‍ ചിത്രങ്ങള്‍ പതിയുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്ത വാഹനങ്ങളുടെയും ഉള്ളിലുള്ള വ്യക്തികളുടെയും ചിത്രങ്ങള്‍ മെഷീന്‍ലേര്‍ണിങ് ഉപയോഗിച്ച് ഒപ്പിയെടുത്ത് ഡാറ്റാബേസില്‍ സൂക്ഷിക്കും. എന്നാല്‍ വാഹനങ്ങള്‍ അതിവേഗം കടന്നുപോകവെ വീഡിയോ പകര്‍ത്തുന്നതിനും സൂക്ഷിക്കുന്നതിനും സെക്കന്‍ഡുകളുടെ വ്യത്യാസം ഉണ്ടായേക്കാം. ഇത്തരത്തില്‍ ക്യാമറയ്ക്ക് ഉണ്ടാവുന്ന ഒരുതരം 'കണ്‍ഫ്യൂഷന്‍' മൂലമാണ് തൊട്ടുമുന്‍പുള്ള വാഹനത്തിലെ യാത്രക്കാരന്റെ ചിത്രം രണ്ടാമത്തെ വാഹനത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
എ.ഐ സാങ്കേതിക വിദ്യയില്‍ നൂറുശതമാനം കൃത്യത സാധ്യമല്ല. ഒരേ കമ്പനി നിര്‍മ്മിച്ച 1000 ക്യാമറകളില്‍ പത്തെണ്ണത്തില്‍ വരെ തകരാറുകള്‍ ഉണ്ടാവാം. പയ്യന്നൂരിലെ സംഭവത്തിന് പുറമേ കണ്ണൂരിലെ ഉരുവച്ചാലിലും വാഹനത്തില്‍ 'പ്രേത'ത്തെ കണ്ടിരുന്നു. സമീപത്ത് ആത്മഹത്യ ചെയ്ത സ്ത്രീയുടെ രൂപമാണെന്നുവരെ അന്ന് വാര്‍ത്ത പരന്നിരുന്നു. രണ്ട് പ്രശ്‌നങ്ങളും ഒരേ സ്ഥലത്തായതിനാല്‍ ക്യാമറ തകരാര്‍ തന്നെയാണെന്നും പയ്യന്നൂരിലെ സംഭവത്തില്‍ ദുരൂഹതകള്‍ ഒന്നുമില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.