റഷ്യന്‍ അക്രമം നിന്ദ്യം; അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

റഷ്യന്‍ അക്രമം നിന്ദ്യം; അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്‌നിലെ ജനങ്ങള്‍ക്കും അടിസ്ഥാന സംവിധാനങ്ങള്‍ക്കുമെതിരെ റഷ്യ നടത്തുന്ന ആക്രമണം നിന്ദ്യവും അംഗീകരിക്കാനാവാത്തതുമാണെന്ന് മാര്‍പാപ്പാ ചൂണ്ടിക്കാട്ടി. 

ഗ്രീക്ക് കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിന് അയച്ച കത്തിലൂടെയാണ് പാപ്പ യുക്രെയ്‌നോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. അപകടത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിച്ച പാപ്പ പരിക്കേറ്റവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

മാസങ്ങളായി യുദ്ധത്തിന്റെ നിഴലിലാണ് യുക്രെയ്‌നിലെ ജനങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ 29ന് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു.

വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര പ്രതിസന്ധികളില്‍ ആശങ്ക പ്രകടിപ്പിച്ച പാപ്പാ യുക്രെയ്ന്‍ യുദ്ധം വിസ്മരിക്കപ്പെടുന്നതിന് എതിരെ മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷത്തെ നിശബ്ദത കൊണ്ട് മൂടുന്നത് തടയാനുള്ള കടമ ഏവര്‍ക്കുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള കാര്യങ്ങള്‍ തേടാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26