കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ പ്രതി കേരളം വിട്ടതായി പൊലീസ്. തടവ് ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി ടി.സി ഹര്‍ഷാദിനെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ല. ഇയാള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തിലാണ് പൊലീസ്.
ഹര്‍ഷാദിന് സുഹൃത്തുക്കളുള്ള ബംഗളൂരുവിലും ഭാര്യയുടെ നാടായ തമിഴ്നാട്ടിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ കഴിഞ്ഞ ഒന്‍പതിന് ജയിലില്‍ വന്നുകണ്ട സുഹൃത്തിന്റെ വീട്ടിലും അന്വേഷണം നടത്തി. ഇയാളെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയത് ജയിലില്‍ വന്നുകണ്ട സുഹൃത്തല്ലെന്നും എന്നാല്‍ ജയില്‍ ചാട്ടത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഹര്‍ഷാദിന്റെ മറ്റു സുഹൃത്തുക്കളുടെ വിവരങ്ങളും തേടിയിട്ടുണ്ട്.
അതേസമയം ജയില്‍ ചാട്ടത്തെക്കുറിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വി. ജയകുമാര്‍ സെന്‍ട്രല്‍ ജയിലിലെത്തി അന്വേഷണം നടത്തി. ഇന്നലെ രാവിലെ അദേഹം വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, അസി. പ്രിസണ്‍ ഓഫീസര്‍മാര്‍, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന കമാന്‍ഡോകള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയില്‍ സൂപ്രണ്ട് ഡോ. പി.വി ജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തടവുകാരന്‍ ജയിലിന് പുറത്തിറങ്ങുമ്പോള്‍ അകമ്പടി നല്‍കാത്തതും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും ഇദേഹം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം. ജയില്‍ ഡി.ഐ.ജി.ക്ക് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം സെന്‍ട്രല്‍ ജയിലില്‍ സുരക്ഷ കര്‍ശനമാക്കി. സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ തടവുകാരെയും സന്ദര്‍ശകരെയും സംസാരിക്കാന്‍ അനുവദിക്കൂ. തടവുകാരെ ജയിലിന് പുറത്ത് ജോലിക്കായി കൊണ്ടുപോകുന്നതിന് താല്‍കാലിക നിയന്ത്രണവും ഏര്‍പ്പെടുത്തി.
അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ തടവുകാരെ ജയിലിന് പുറത്ത് കൊണ്ടുപോകാവൂ എന്നും സംശയമുള്ള തടവുകാരെ പ്രത്യേകമായി നിരീക്ഷിക്കുമെന്നും സുരക്ഷ സംബന്ധിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.