തുണിക്കടകളില്‍ നിന്ന് മോഷണം; അഭയാര്‍ത്ഥിയായെത്തി ന്യൂസീലന്‍ഡ് പാര്‍ലമെന്റില്‍ എംപിയായ വനിതാ നേതാവ് രാജിവച്ചു

തുണിക്കടകളില്‍ നിന്ന് മോഷണം; അഭയാര്‍ത്ഥിയായെത്തി ന്യൂസീലന്‍ഡ് പാര്‍ലമെന്റില്‍ എംപിയായ വനിതാ നേതാവ് രാജിവച്ചു

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അഭയാര്‍ത്ഥിയായ എംപിക്കെതിരേ മോഷണ ആരോപണം. തുണിക്കടകളില്‍ നിന്ന് മോഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സ്ഥാനം രാജിവച്ചു. മധ്യ-ഇടതുപക്ഷ ഗ്രീന്‍ പാര്‍ട്ടിയുടെ എംപിയും നീതിന്യായ വക്താവുമായ ഗോള്‍റിസ് ഗഹ്റാമനാണ് സ്ഥാനമൊഴിഞ്ഞത്. രാജി വ്യക്തിപരമായ സമ്മര്‍ദവും മാനസിക ആഘാതവും മൂലമാണെന്ന് ഗോള്‍റിസ് പറഞ്ഞു.

ഗോള്‍റിസ് ഗഹ്റാമന്‍ വിവിധ തുണിക്കടകളില്‍ നിന്ന് മോഷണം നടത്തിയെന്ന ആരോപണങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. 2023 അവസാനത്തോടെ ഓക്ലന്‍ഡിലെ ഒരു ആഡംബര വസ്ത്ര സ്റ്റോറായ സ്‌കോട്ടിസ് ബോട്ടിക്കില്‍ നിന്ന് ഉത്സവ സീസണില്‍ മോഷണം നടത്തിയെന്നാണ് ആേരാപണം. ഇതുകൂടാതെ വെല്ലിങ്ടണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും ഉള്‍പ്പെടെ നടന്ന രണ്ട് സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് മോഷണ ആരോപണങ്ങള്‍ ഗോള്‍റിസിനെതിരെ ഉയര്‍ന്ന് വന്നത്.

ഇറാന്‍-ഇറാഖ് യുദ്ധത്തെതുടര്‍ന്നാണ് ഇറാന്‍ വംശജയായ 42 വയസുകാരി ഗോള്‍റിസ് ഗഹ്റാമന്‍ കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം അഭയാര്‍ത്ഥിയായി ന്യൂസീലന്‍ഡില്‍ എത്തിയത്. പിന്നീട് രാഷ്ട്രീയ അഭയം ലഭിച്ചു. നിയമപഠനത്തിന് ശേഷം, അവര്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ അഭിഭാഷകയായി. 2017 ല്‍ പാര്‍ലമെന്റില്‍ എംപിയായി നിയമിക്കപ്പെടുന്നത് മുന്‍പ് രാജ്യാന്തര ക്രിമിനല്‍ ട്രിബ്യൂണലുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

'രാഷ്ട്രീയക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ തനിക്ക് വീഴ്ച്ചയുണ്ടായി. മാനസികാരോഗ്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഗോള്‍റിസ് പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം വ്യക്തിത്വത്തിന് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചു. ഞാന്‍ എന്റെ പ്രവൃത്തികള്‍ ന്യായീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ കാണുന്ന മാനസികാരോഗ്യ വിദഗ്ധന്‍ പറയുന്നത്, എന്റെ സമീപകാല പെരുമാറ്റം, തീവ്രമായ സമ്മര്‍ദങ്ങളുടെ പ്രതികരണ ഫലമാണ്. മുമ്പ് തിരിച്ചറിയപ്പെടാത്ത പോയ മാനസിക ആഘാത്തത്തില്‍ നിന്നാണ് ഇതുണ്ടായത്. ഞാന്‍ ഒരുപാട് ആളുകളെ നിരാശപ്പെടുത്തി, ഞാന്‍ ഖേദിക്കുന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം, എനിക്ക് സുഖമില്ലെന്ന് ഞാന്‍ മനസിലാക്കുന്നതായും ഗോള്‍റിസ് കൂട്ടിച്ചേര്‍ത്തു.

ഗോള്‍റിസ് പാര്‍ലമെന്റില്‍ പ്രവേശിച്ച സമയം മുതല്‍, ലൈംഗികവും ശാരീരികവുമായ ആക്രമണ ഭീഷണികളും വധഭീഷണികളും ഉള്‍പ്പെടെ പൊതുജനങ്ങളില്‍ നിന്നുള്ള അധിക്ഷേപങ്ങള്‍ക്ക് അവര്‍ വിധേയയായിരുന്നുവെന്ന് ഗ്രീന്‍ പാര്‍ട്ടിയിലെ സഹ നേതാവായ ജെയിംസ് ഷാ പറഞ്ഞു. 2019ല്‍, വധഭീഷണിയുടെ ഒരു പരമ്പരയെത്തുടര്‍ന്ന് ഗോള്‍റിസിന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

സുഷുമ്‌ന, തലച്ചോറ് എന്നിവയടങ്ങുന്ന കേന്ദ്ര നാഡീവ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് എന്ന രോഗമുണ്ടെന്ന് 2020ല്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.