മൂന്നാം ടി20 ഇന്ന്; യുവനിരയുടെ കരുത്തില്‍ അഫ്ഗാനെതിരായ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

മൂന്നാം ടി20 ഇന്ന്; യുവനിരയുടെ കരുത്തില്‍ അഫ്ഗാനെതിരായ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 ഇന്ന്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴ് മുതലാണ് മല്‍സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇന്നിറങ്ങുന്നത്. മറുവശത്ത്, ആദ്യ രണ്ട് മല്‍സരങ്ങളിലും തോറ്റ അഫ്ഗാന്‍ ഇന്ന് ആശ്വാസ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്.

ആദ്യ രണ്ട് മല്‍സരങ്ങളിലും ഇന്ത്യ യുവനിരയുടെ കരുത്തിലാണ് വിജയം കൈക്കലാക്കിയത്. മൊഹാലിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഓള്‍ റൗണ്ട് പ്രകടനവുമായി ശിവം ദുബെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ യശസ്വി ജെയ്‌സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവര്‍ തിളങ്ങി.

രണ്ട് മല്‍സരത്തിലും അര്‍ധസെഞ്ചുറിയുമായി ദുബെ തിളങ്ങിയപ്പോള്‍ ആദ്യ മല്‍സരം നഷ്ടപ്പെട്ട ജയ്‌സ്വാള്‍ രണ്ടാം മല്‍സരത്തില്‍ ലഭിച്ച അവസരം നന്നായി മുതലാക്കി. രണ്ട് മല്‍സരത്തിലും പൂജ്യത്തിന് പുറത്തായ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഇന്ന് മികച്ചൊരു ഇന്നിംഗ്‌സ് കളിച്ചേ മതിയാകൂ.

ജയ്‌സ്വാള്‍ തന്നെ നായകനൊപ്പം ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. അതേ സമയം, ആദ്യ രണ്ട് മല്‍സരത്തിലും കാര്യമായി സംഭാവന നല്‍കാനാവാത്ത വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് പകരം ഇന്ന് സഞ്ജുവിന് അവസരം ലഭിച്ചേക്കാം.

14 മാസത്തെ ഇടവേളയ്ക്ക് ശേഷം ടി20യിലേക്ക് മടങ്ങിവന്ന കോലിക്ക് കഴിഞ്ഞ മല്‍സരത്തില്‍ മികച്ച തുടക്കം ലഭിച്ചുവെങ്കിലും വന്‍സ്‌കോറിലേക്ക് എത്താനായിരുന്നില്ല. 16 പന്തില്‍ 29 റണ്‍സ് നേടി മടങ്ങിയ കോലിയും വലിയൊരു ഇന്നിംഗ്‌സ് കളിക്കാനാകും ഇന്ന് ശ്രമിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.