പ്രോസിക്യൂഷന്റെ എതിര്‍പ്പ് കോടതി അംഗീകരിച്ചില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

പ്രോസിക്യൂഷന്റെ എതിര്‍പ്പ് കോടതി അംഗീകരിച്ചില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്റെ എതിര്‍പ്പ് തള്ളി കോടതി രാഹുലിന് ജാമ്യം നല്‍കി.

കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കില്‍ രണ്ട് പേരുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മറ്റ് രണ്ട് കേസില്‍ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. കന്റോണ്‍മെന്റ് പൊലീസെടുത്ത രണ്ട് കേസുകളിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചുവെന്നും അതിനാല്‍ രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആക്രമണത്തില്‍ രാഹുല്‍ പ്രധാന പങ്കാളിയാണെന്നും നേതൃത്വം കൊടുക്കുകയായിരുന്നുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പൊലീസ് തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്ന്് രാഹുലിന്റ അഭിഭാഷകന്‍ പറഞ്ഞു. ആറാം തിയതി വരെ ആശുപത്രിയിലായിരുന്നുവെന്നും ഏഴിന് വിവിധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്നും എന്നിട്ടും പൊലീസ് നോട്ടീസ് പോലും നല്‍കാതെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.

മെഡിക്കല്‍ രേഖകള്‍ വ്യാജമല്ല. കസ്റ്റഡി അപേക്ഷ പൊലീസ് നല്‍കിയിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാദം. നിലവില്‍ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് മൂന്നും ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാ ജയിലില്‍ വെച്ച് കന്റോണ്‍മെന്റ് പൊലീസ് രണ്ട് കേസുകളിലും മ്യൂസിയം പൊലീസ് ഒരു കേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.