വെള്ളം ഉപയോഗിക്കാത്തവര്‍ക്ക് 420 രൂപ ബില്ല്, ഉപയോഗിച്ചവര്‍ക്ക് 148 രൂപ; വാട്ടര്‍ അതോറിറ്റി ബില്ലുകളില്‍ വ്യാപക പിഴവെന്ന് പരാതി

വെള്ളം ഉപയോഗിക്കാത്തവര്‍ക്ക് 420 രൂപ ബില്ല്, ഉപയോഗിച്ചവര്‍ക്ക് 148 രൂപ; വാട്ടര്‍ അതോറിറ്റി ബില്ലുകളില്‍ വ്യാപക പിഴവെന്ന് പരാതി

പാലക്കാട്: വാട്ടര്‍ അതോറിറ്റി ബില്ലുകളില്‍ വ്യാപക പിഴവെന്ന് പരാതി. മീറ്ററില്‍ വെളളത്തിന്റെ ഉപഭോഗം കാണിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് മിനിമം ബില്‍ തുകയായ 148 രൂപയും ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് 420 രൂപയുടെ ബില്ലുമാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ നല്‍കിയത്. ബില്ലിലെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താക്കള്‍ ജല അതോറിറ്റിക്ക് പരാതി നല്‍കി.

ഒറ്റപ്പാലം ചുനങ്ങാട് നിള ലൈനിലാണ് വാട്ടര്‍ അതോറിറ്റിയുടെ പിഴവില്‍ 22 കുടുംബങ്ങള്‍ക്ക് തെറ്റായ ബില്ല് ലഭിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ഇവിടുത്തെ കുടുംബങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി പുതിയ കണക്ഷനുകള്‍ അനുവദിച്ചത്. ഈ 22 വീടുകളില്‍ വെള്ളം എത്തിയതും ഒരേ ദിവസം തന്നെയാണ്. പക്ഷേ ആദ്യ ബില്ല് കയ്യില്‍ കിട്ടിയപ്പോഴാണ് വീട്ടുകാര്‍ ഞെട്ടിയത്.

ഒരു യൂണിറ്റ് വെള്ളം പോലും ഉപയോഗിക്കാത്ത കുടുംബങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി നല്‍കിയത് 420 രൂപയുടെ ബില്ലാണ്. അതേസമയം വെള്ളം ഉപയോഗിച്ചവര്‍ക്ക് 148 രൂപയുടെ ബില്ലുമാണ് നല്‍കിയത്. സംഭവം എന്താണെന്ന് മനസിലാക്കാന്‍ കഴിഞ്ഞ മൂന്ന് മാസമായി വാട്ടര്‍ അതോറിറ്റി ഓഫീസ് കയറിയിറങ്ങുകയാണ് നിള ലൈനിലെ ഉപഭോക്താക്കള്‍.

പ്രൊജക്റ്റ് ഓഫീസിലെ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടാണ് ബില്ലില്‍ പിഴവുകള്‍ ഉണ്ടായത് എന്നാണ് പരാതിക്കാര്‍ക്ക് ലഭിച്ച വിവരം. വിഷയത്തില്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.