'ഇ-ബസ് എല്ലാവരുടെയും വയറ്റത്തടിച്ചു'; തിരുവനന്തപുരത്തെ റൂട്ടുകള്‍ റീഷെഡ്യൂള്‍ ചെയ്യുമെന്ന് കെ.ബി ഗണേഷ് കുമാര്‍

'ഇ-ബസ് എല്ലാവരുടെയും വയറ്റത്തടിച്ചു'; തിരുവനന്തപുരത്തെ റൂട്ടുകള്‍ റീഷെഡ്യൂള്‍ ചെയ്യുമെന്ന് കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വൈദ്യുത ബസുകള്‍ നഷ്ടത്തിലാണെന്നും പലപ്പോഴും കിട്ടുന്നത് തുച്ഛമായ ലാഭമാണെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സി യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

മിക്കവാറും വൈദ്യുതി ബസില്‍ ആള്‍ ഉണ്ടാവില്ല. പത്ത് രൂപ നിരക്കിലാണ് ബസ് ഓടുന്നത്. നൂറ് പേര്‍ക്ക് കയറാന്‍ ബസില്‍ സൗകര്യമില്ലെന്നും അങ്ങനെ നിരവധി പേര്‍ കയറിയാല്‍ തന്നെ പത്തുരൂപ വച്ച് എത്ര കിട്ടാനാണെന്നും അദേഹം ചോദിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നഷ്ടത്തില്‍ ഓടുന്ന മുഴുവന്‍ റൂട്ടുകളും റീഷെഡ്യൂള്‍ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

വൈദ്യുതി ബസിന് ദീര്‍ഘദൂര സര്‍വീസ് ഇല്ല. ഈ ബസിന് ഒരു കോടി രൂപയ്ക്ക് അടുത്താണ് വില. ആ പണത്തിന് നാല് ഡീസല്‍ ബസുകള്‍ വാങ്ങാമെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി ബസ് എല്ലാവരുടെയും വയറ്റത്താണ് അടിച്ചത്. ഓട്ടോറിക്ഷക്കാരുടെയും വയറ്റത്ത് അടിച്ചു. ഇനി വൈദ്യുതി ബസുകള്‍ വാങ്ങുന്നതിനോട് യോജിപ്പില്ല. അതിനോട് സഹകരിക്കാന്‍ ഉദേശിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

കൂടാതെ കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ശമ്പളം ഒന്നിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്നും പുതിയ ബസുകള്‍ സ്വിഫ്റ്റിന് കീഴില്‍ തന്നെയായിരിക്കുമെന്നും അദേഹം അറിയിച്ചു..

അതോടൊപ്പം 'where is my ksrtc' ആപ്പ് നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നും മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.