ശ്രീവിദ്യയുടെ ലക്ഷങ്ങള്‍ വിലയുള്ള സ്വത്തുക്കള്‍ എവിടെ? കെ.ബി ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദര ഭാര്യ

ശ്രീവിദ്യയുടെ ലക്ഷങ്ങള്‍ വിലയുള്ള സ്വത്തുക്കള്‍ എവിടെ? കെ.ബി ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദര ഭാര്യ

ചെന്നൈ: നടി ശ്രീവിദ്യയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ശ്രീവിദ്യയുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല. സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷ് കുമാറിന്റെ പേരിലാണെന്നും വിജയലക്ഷ്മി വ്യക്തമാക്കുന്നു. സഹോദരന്‍ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയില്‍ നിന്നും അകറ്റാന്‍ ഗണേഷ് ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു.

ശ്രീവിദ്യയുടെ മരണത്തിന് രണ്ട് മാസം മുമ്പ് മാത്രം എഴുതിയ വില്‍പത്രത്തിന്റെ സാധുതയും വിജയലക്ഷ്മി ചോദ്യം ചെയ്തു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിക്ക് വിധേയയായ വേളയില്‍ ശ്രീവിദ്യ പവര്‍ ഓഫ് അറ്റോര്‍ണിയായി ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തുന്ന വില്‍പത്രം തയാറാക്കി എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കള്‍ വില്‍പത്രത്തില്‍ ഇല്ലെന്നും വിജയലക്ഷ്മി പറയുന്നു.

15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വര്‍ണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വില്‍പത്രത്തിലുണ്ട്. ഇതിനെല്ലാം എന്തു സംഭവിച്ചെന്ന് അറിയില്ല. രണ്ട് ജോലിക്കാര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും സഹോദര പുത്രന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കണമെന്നും നിര്‍ദേശിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നൃത്ത വിദ്യാര്‍ത്ഥികള്‍ക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വില്‍പത്രത്തിലെ പ്രധാന നിര്‍ദേശം നടപ്പാക്കിയിട്ടില്ല. ശ്രീവിദ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന കലാക്ഷേത്രം ട്രസ്റ്റ് രൂപീകരിക്കാന്‍ നടപടിയുണ്ടാകണം. ചികിത്സയുടെ വിവരങ്ങള്‍ ബന്ധുക്കളില്‍ നിന്നു മറച്ചു വച്ച ഗണേഷ്, വക്കീല്‍ നോട്ടിസ് അയച്ചതിന് ശേഷമാണ് വില്‍പത്രത്തിന്റെ വിശദാംശങ്ങള്‍ പോലും നല്‍കിയതെന്നും അവര്‍ ആരോപിക്കുന്നു. കുടുംബാംഗങ്ങള്‍ ശ്രീവിദ്യയെ അവസാന കാലത്ത് ഉപേക്ഷിച്ചെന്നത് കള്ള പ്രചാരണമാണെന്നും വിജയലക്ഷ്മി പറഞ്ഞു.

സ്വത്തുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നെന്ന് ചൂണ്ടിക്കാട്ടി 2012 ല്‍ ശ്രീവിദ്യയുടെ ബന്ധുക്കള്‍ ഗണേഷ്‌കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ശ്രീവിദ്യയുടെ വില്‍പത്രത്തില്‍ നിര്‍ദേശിച്ച രീതിയില്‍ സ്വത്തു വകകള്‍ ഗണേഷ് വിനിയോഗിച്ചിട്ടില്ല. സഹോദരന്റെ മക്കള്‍ക്കായി വകയിരുത്തിയ 10 ലക്ഷം രൂപയും നല്‍കിയിട്ടില്ലെന്ന് ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര രാമന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് 2015 ലും സഹോദരന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

ശാസ്തമംഗലം സബ് റജിസ്ട്രാര്‍ ഓഫിസില്‍ 2006 ഓഗസ്റ്റ് 17 ന് ശ്രീവിദ്യ റജിസ്റ്റര്‍ ചെയ്ത വില്‍പത്രത്തിലാണ് മരണാനന്തരം നടപ്പാക്കേണ്ട കാര്യങ്ങളുള്ളത്. ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം, സംഗീത-നൃത്ത സ്‌കൂള്‍ തുടങ്ങണം, സ്വത്തിന്റെ ഒരു വിഹിതം സഹോദരന്റെ രണ്ട് ആണ്‍മക്കള്‍ക്കും നല്‍കണം എന്നീ കാര്യങ്ങളാണ് വില്‍പത്രത്തിലുള്ളത്.

അതേസമയം വില്‍പത്രം ഗണേഷ് അട്ടിമറിച്ചതായി ശങ്കര രാമന്‍ ആരോപിച്ചു. എന്നാല്‍ എംഎല്‍എ എന്ന നിലയിലല്ല, വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വില്‍പത്രം തന്റെ പേരില്‍ എഴുതിവച്ചതെന്നും ശ്രീവിദ്യയുടെ സ്വത്തുക്കളില്‍ ഭൂരിഭാഗവും നികുതി വകുപ്പിന്റെ കയ്യിലാണെന്നുമാണ് ലോകായുക്തയില്‍ ഗണേഷ്‌കുമാര്‍ അറിയിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.