രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ വിധി ഇന്ന്; 15 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികള്‍

 രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ വിധി ഇന്ന്; 15 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികള്‍

കൊച്ചി: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ വിധി ഇന്ന്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇരട്ട കൊലയില്‍ ആദ്യം കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാന്‍ വധക്കേസില്‍ കഴിഞ്ഞ ആഴ്ചയില്‍ പ്രത്യേക അഭിഭാഷകനെ നിയമിച്ചിരുന്നു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി ശ്രീദേവിയാകും വിധി പ്രസ്താവിക്കുക.

2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. എസ്.ഡി.പി..ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാന്‍ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടു. പിറ്റേന്ന് രാവിലെ രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പതിനഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ മാവേലിക്കര ജില്ലാ ജയിലിലാണ്.

രഞ്ജിത്ത് ശ്രീനിവാസന്‍ പ്രാകീടീസ് ചെയ്തിരുന്ന ആലപ്പുഴ കോടതിയില്‍ നിന്നു കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസിന്റെ വാദം നടന്നത് മാവേലിക്കര അഢീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ്. ഷാന്‍ വധക്കേസില്‍ 13 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. കേസ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.

ആലപ്പുഴ ഡിവൈ.എസ്പി എന്‍.ആര്‍ ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 1,000 ത്തോളം രേഖകളും 100 ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിരുന്നു. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ട് മാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ ഹാജരാക്കി.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് രഞ്ജിത്ത് ശ്രീനിവാസനെ കൊല്ലണമെന്ന ഉദ്ദേശ്യം വളരെ നേരത്തേ തന്നെ ഉണ്ടായിരുന്നുവെന്നും ഇതിനായി വിപുലമായ മുന്നൊരുക്കങ്ങളും ഗൂഢാലോചനകളും പ്രതികള്‍ നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് കൊലപാതകം നടത്തിയത്. ഡിസംബര്‍ 18 ന് പ്രതികള്‍ ഒത്തുകൂടുകയും രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തണമെന്ന് പദ്ധതിയിടുകയും ചെയ്തു.

അര്‍ധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. പിറ്റേന്ന് രാവിലെ ആറോടെ വീട്ടിലെത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.