ഗണേഷിന്റെ എതിര്‍പ്പ്; കേന്ദ്രത്തില്‍ നിന്നും സൗജന്യമായി ഇ ബസുകള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ മരവിപ്പിച്ചു

 ഗണേഷിന്റെ എതിര്‍പ്പ്; കേന്ദ്രത്തില്‍ നിന്നും സൗജന്യമായി ഇ ബസുകള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ മരവിപ്പിച്ചു

തിരുവനന്തപുരം: പുതിയ ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള എല്ലാ ടെന്‍ഡറുകളും കെ.എസ്.ആര്‍.ടി.സി റദ്ദാക്കി. കേന്ദ്രത്തില്‍ നിന്നും സൗജന്യമായി 950 ഇ ബസുകള്‍ നേടിയെടുക്കാനുള്ള നടപടികളും മരവിപ്പിച്ചു. ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിലുള്ള വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം 13 ബസുകള്‍, കൊച്ചി സ്മാര്‍ട്ട് സിറ്റി പ്രകാരം 20 ബസുകള്‍, കിഫ്ബി ഫണ്ട് ഉപയോഗിച്ച് 50 ഡീസല്‍ സൂപ്പര്‍ ഫാസ്റ്റുകള്‍ എന്നിവ വാങ്ങുന്നതിനുള്ള ടെന്‍ഡറുകളാണ് റദ്ദാക്കിയത്.

കേരളത്തിലെ നഗരങ്ങളില്‍ സര്‍വീസ് നടത്താന്‍ പ്രധാനമന്ത്രി ഇ ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 ഇ ബസുകള്‍ സ്വീകരിക്കാന്‍ സമ്മതം അറിയിച്ച് ഗതാഗത വകുപ്പ് ഒക്ടോബര്‍ നാലിന് കത്തയച്ചിരുന്നു. ധന വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ ബസുകള്‍ ലഭിക്കും. എന്നാല്‍ പുതിയ മന്ത്രിയുടെ തീരുമാനം വ്യക്തമാകുന്നതു വരെ ഈ നടപടികള്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് നിറുത്തി വച്ചു.

ബസുകള്‍ നേടുന്നതിന് ധനവകുപ്പ് പേമെന്റ് സെക്യൂരിറ്റി മെക്കാനിസം ഉണ്ടാക്കണം. ഇതിന് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് 83 കോടിയുടെ കോര്‍പ്പസ് ഫണ്ട് ഉണ്ടാക്കണം. അതില്‍ 48 കോടി സംസ്ഥാന വിഹിതമാണ്. ബസുകള്‍ നല്‍കുന്ന കമ്പനിക്ക് വാടക വിഹിതം കൃത്യമായി നല്‍കുന്നതിനും വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഗ്യാരന്റിയാണ് കോര്‍പ്പസ് ഫണ്ട്. നടപടിക്രമങ്ങള്‍ പാലിച്ച മറ്റ് സംസ്ഥാനങ്ങള്‍ 3975 ബസുകള്‍ നേടിയിട്ടുണ്ട്.

അതേസമയം ഡീസല്‍ മിനി ബസുകള്‍ വാങ്ങാനാണ് പുതിയ നീക്കം. 2001 മുതല്‍ 2003 വരെ ഗണേഷ്‌കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി മിനി ബസുകള്‍ വാങ്ങിയത്. ഇടറോഡുകളിലൂടെ ഓടുന്ന മിനി ബസ് തുടക്കത്തില്‍ കൈയ്യടി നേടിയെങ്കിലും പിന്നീട് എല്ലാം കട്ടപ്പുറത്താകുകയായിരുന്നു.

അതേസമയം തിരുവനന്തപുരം നഗരത്തില്‍ ഇ ബസ് സര്‍വീസിന് ഓരോ റൂട്ടിലും 32,000 രൂപ ലാഭമാണെന്നാണ് കണക്ക്. കെ.എസ്.ആര്‍.ടി.സി സ്വന്തം അക്കൗണ്ടില്‍ നിന്നല്ല ഇ ബസുകള്‍ വാങ്ങിയത്. ഇതേ റൂട്ടില്‍ ഡീസല്‍ ബസ് സര്‍വീസ് നടത്തിയാല്‍ 25,000 മുതല്‍ 35,000 രൂപ വരെ നഷ്ടമുണ്ടാവും. 3.5 കോടിയാണ് ഡീസലിന് ചെലവിടുന്നത്. ശരാശരി പ്രതിമാസ വരുമാനം ഏഴ് കോടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.