കൊച്ചി : കോൺഗ്രസ്സ് പാർട്ടിയുടെ കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവും മുൻ മുഖ്യ മന്ത്രിയുമായ ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് നേതൃത്വ നിരയിലേക്ക് തിരികെ കൊണ്ട് വരുമ്പോൾ അതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങൾ പകൽ പോലെ വ്യക്തമാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ക്രൈസ്തവ ന്യൂനപക്ഷം പൂർണമായും യു ഡി എഫിനെ ഉപേക്ഷിച്ച് മറ്റ് മുന്നണികൾക്ക് വോട്ട് ചെയ്തതിന്റെ വ്യക്തമായ സൂചനകൾ രാഷ്ട്രീയ കേരളം ചർച്ച ചെയ്തതാണ്.
ഒരു ക്രൈസ്തവ വിശ്വാസിയായ ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കിയാൽ തങ്ങളിൽ നിന്നകന്ന് പോയ ക്രൈസ്തവ ന്യൂന പക്ഷങ്ങൾ മടങ്ങിയെത്തും എന്നവർ കരുതുന്നു. ന്യൂനപക്ഷ സംവരണത്തിൽ വിവേചനം, ഈ വിഷയത്തിൽ ഘടക കക്ഷികളുടെ അനൈക്യ ശബ്ദങ്ങൾ, മത വർഗീയ കക്ഷികളുമായുള്ള അവിശുദ്ധ ബന്ധം, ജസ്‌ന ഉൾപ്പെടെ പല ക്രിസ്ത്യൻ പെൺകുട്ടികളുടെ തിരോധാനത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ നിസ്സംഗ നിലപാടുകൾ, ഹാഗിയാ സോഫിയ വിഷയത്തിലെ മുസ്‌ലിം ലീഗിന്റെ അനവസര പ്രസ്താവനകൾ തുടങ്ങി ധാരാളം വിഷയങ്ങൾ പരമ്പരാഗതമായി യു ഡി എഫിനോട് ചേർന്ന് നിന്നിരുന്ന ഒരു വലിയ ജന വിഭാഗം മാറി ചിന്തിക്കുവാൻ ഇടയാക്കി.
മുൻകാലങ്ങളിൽ മെത്രാന്മാർ നൽകുന്ന സൂചനകൾ വച്ച് വിശ്വാസികൾക്ക് ആരെ ജയിപ്പിക്കണം എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിരുന്ന, എന്നാൽ ഇന്ന് വിശ്വാസികൾ സമൂഹ മാധ്യമങ്ങളിലൂടെയും സഭയുടെ ഔദ്യോഗികവും അല്ലാത്തതുമായ സംഘടനകളിലൂടെയും അവരുടെ രാഷ്ട്രീയ നിലപാട് രൂപീകരിച്ച് സഭാ തലവന്മാരെയും മറ്റ് നേതാക്കളെയും അവരുടെ നിലപാടുകൾക്കൊപ്പം നില്ക്കാൻ പ്രേരിപ്പിക്കുന്നു എന്നത് കൗതുകകരമായ ഒരു കാര്യമാണ്. അത് കൊണ്ടാണ് പല നേതാക്കന്മാരും അരമനകൾ കയറി ഇറങ്ങിയിട്ടും സാധാരണ ലഭിക്കാറുള്ള അനുകൂല സമീപനങ്ങളോ അവരൊക്കെ ആഗ്രഹിച്ച പ്രതികരണങ്ങളോ ലഭിക്കാതെ പോകുന്നത്.
"വ്യക്തികളിലല്ല നയങ്ങളിലാണ് ഞങ്ങൾക്ക് താല്പര്യം അത് കൊണ്ട് യു ഡി എഫിന്റെ നയങ്ങളും സമീപനങ്ങളും ആയിരിക്കും ഞങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ സഹായകമാകുക" എന്ന് ക്രൈസ്തവ സംഘടനകൾ അവരുടെ ഫേസ് ബുക്ക് സന്ദേശങ്ങളിലൂടെ പറഞ്ഞ് കഴിഞ്ഞു. ന്യൂനപക്ഷ അവകാശ വിവേചനവിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാതെ ക്രൈസ്തവ വോട്ടുകൾ പാട്ടിലാക്കാം എന്നുള്ള ധാരണ വേണ്ട എന്നുതന്നെയാണ് പല സഭാ സംഘടനകളും തീരുമാനമെടുത്തിരിക്കുന്നത് . കൂടെ നിൽക്കുന്ന മുസ്ളീം ലീഗിനെ പിണക്കാതെ ആ വിഷയത്തിൽ തീരുമാനമെടുക്കുക എന്നത് യുഡിഫ് നെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടിയായിരിക്കും.
ഇടത് പക്ഷവും, കോൺഗ്രസ്സും, ബി ജെ പി യും ഒരേപോലെ ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകളിൽ കണ്ണ് നട്ടിരിക്കുമ്പോൾ ഇവരുടെ വോട്ടുകൾ ആരെ സഹായിക്കും എന്ന് ആകാംഷയോടെ കേരളം കാത്തിരിക്കുന്നു. ശ്രീധരൻ നായരേ പോലെയുള്ള പ്രമുഖരെ നിരത്തിലിറക്കി ബി ജെ പി ക്രൈസ്തവരെ പാട്ടിലാക്കാൻ ശ്രമിക്കുമ്പോൾ ഉമ്മൻ ചാണ്ടി എന്ന പരിണിത പ്രജ്ഞനായ നേതാവിന് ഏതറ്റം വരെ വിജയിക്കാനാകും എന്നും കാത്തിരുന്ന് കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.