പാലാ ഹോം പ്രോജക്ടിന് അഞ്ച് വയസ് ; ആയിരം കുടുംബങ്ങള്‍ക്ക് വാസയോഗ്യ ഭവനം

പാലാ ഹോം പ്രോജക്ടിന് അഞ്ച് വയസ് ; ആയിരം കുടുംബങ്ങള്‍ക്ക് വാസയോഗ്യ ഭവനം

പാലാ: പാലാ രൂപത നടപ്പിലാക്കുന്ന പാലാ ഹോം പ്രോജക്ട് രാഷ്ട്ര നിര്‍മിതിയുടെ ഭാഗമാണെന്ന് രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് പറഞ്ഞു. മുട്ടുചിറ ഫൊറോന ഇടവകയില്‍ ബേസ് റൂഹാ പദ്ധതിയോട് സഹകരിച്ച് പാലാ ഹോം പ്രോജക്ടിലെ ആയിരാമത്തെ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

വിവിധ മതസ്ഥര്‍ക്ക് പദ്ധതിയുടെ സേവനം സാധ്യമാക്കുമ്പോള്‍ ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള വലിയ ചുമതലയാണ് നിര്‍വഹിക്കപ്പെടുന്നത്.

കൂടാതെ ഈ പ്രവര്‍ത്തനങ്ങളില്‍ രൂപതയിലെ 171 ഇടവകളും വൈദികരും സന്യസ്തഭവനങ്ങളും സംഘടനകളും സുമനസുകളും വിശ്വാസികളും വലിയ പിന്തുണ നല്‍കിയതിനാലാണ് ആയിരം കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം സമ്മാനിക്കാനായതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

2018 ഡിസംബര്‍ 19 ന് പാലാ രൂപതാ ബൈബിള്‍ കണ്‍വെന്‍ഷനിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. 350 ഭൂരഹിതര്‍ക്ക് സ്ഥലം കണ്ടെത്തി വാസയോഗ്യമായ വീട് സമ്മാനിച്ചുവെന്നത് ആയിരമെന്ന കണക്കിനുമപ്പുറമുള്ള രൂപതയുടെ മാനുഷിക മുഖത്തിന്റെയും സേവനതല്‍പരതയുടെയും വ്യക്തമായ സാക്ഷ്യമാണ്.

പാലാ രൂപത വികാരി ജനറാളും ഹോം പ്രൊജക്ട് കോ- ഓര്‍ഡിനേറ്ററുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍, ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഹോം പ്രോജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫൊറോന ഇടവക അസി. വികാരിമാരായ ഫാ. ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍, ഫാ. ജോസഫ് ചെങ്ങഴച്ചേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മുട്ടുചിറ ഫൊറോന ഇടവക കൈക്കാരന്മാര്‍, യോഗ പ്രതിനിധികള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, ബേസ് റൂഹാ പദ്ധതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26