കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ജനുവരി 24 ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്താനൊരുങ്ങി സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ). സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി കെ.എല്‍.ജി.എസ്.എ (കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് അസോസിയേഷന്‍) അറിയിച്ചു. അന്നേ ദിവസം ജോലിക്ക് ഹാജരാകില്ല എന്നാണ് സംഘടനയുടെ തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല അധ്യാപകരും സമരത്തിന്റെ ഭാഗമാകും. ഏകീകൃത പൊതുസര്‍വീസിലെ അപാകതകള്‍ പരിഹരിക്കുക, മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലം മാറ്റം റദ്ദാക്കുക, ആറ് ഗഡു ഡി.എ കുടിശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പണിമുടക്ക് സംബന്ധിച്ച് കൂടുതല്‍ പ്രചാരണം നടത്താന്‍ നാളെ ഉച്ചയ്ക്ക് വിശദീകരണ യോഗം വിളിക്കുമെന്ന് സമരത്തില്‍ പങ്കെടുക്കുന്ന സംഘടനകള്‍ അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഡി.എ കുടിശിക വരുന്നതെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. മെഡിസപ്പ് പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. ലീവ് സറണ്ടര്‍ പുനസ്ഥാപിച്ചുകിട്ടാത്ത കാര്യവും അദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
സമരത്തിന് എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനും പിന്തുണ പ്രഖ്യാപിച്ചു. പരീക്ഷാ ഭവനില്‍ നിന്ന് പ്രകടനമായി എത്തി ജീവനക്കാര്‍ വൈസ് ചാന്‍സലര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി. സിവില്‍ സര്‍വീസിനെയും സര്‍വകലാശാലകളെയും തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള താക്കീതാണ് സമരമെന്ന് ജനറല്‍ സെക്രട്ടറി ജോസ് മാത്യു പ്രതികരിച്ചു.
പ്രതിപക്ഷ സംഘടനകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തനം താളംതെറ്റുമെന്നാണ് വിലയിരുത്തല്‍. 24 ന് നടക്കുന്നത് സൂചന പണിമുടക്കാകുമെന്ന് നേതാക്കള്‍ അറിയിച്ചു. 2019 ലെ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന് ശേഷം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇതുവരെ ആനുകൂല്യം നല്‍കിയിട്ടില്ലെന്ന് അവര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.