ടെല്‍ അവിവ്: അമേരിക്കയും ഈജിപ്തും ഖത്തറുമടക്കമുള്ള രാജ്യങ്ങള്‍ ഗാസയിലെ യുദ്ധം നിര്‍ത്താനുള്ള സമ്മര്‍ധം ശക്തമാക്കുന്നതിനിടെ യുദ്ധം നിര്‍ത്തുന്നതിന് ഹമാസ് മുന്നോട്ടുവെച്ച ഉപാധികള്‍ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇസ്രയേല്‍ തടവിലാക്കിയിരിക്കുന്ന പാലസ്തീന്‍ ഭീകരരെ ജയില്‍മോചിതരാക്കണമെന്നും ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായും ഗാസയില്‍ നിന്ന് പിന്‍വലിക്കണം എന്നതുമാണ് ഹമാസ് മുന്നോട്ടുവെച്ച രണ്ട് പ്രധാന ഉപാദികള്‍. ഈ ആവശ്യങ്ങള്‍ ഇസ്രയേല്‍ അംഗീകരിക്കുകയാണെങ്കില്‍, പ്രത്യുപകാരമായി തങ്ങള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുമെന്നും ഹമാസ് അറിയിച്ചു.
എന്നാല്‍ ഇത്രയും കാലം ഇസ്രയേല്‍ സൈന്യം നടത്തിയ നീക്കങ്ങള്‍ വ്യഥാവിലാകുമെന്നും ഭീകരരെ സ്വതന്ത്രരാക്കുന്നത് രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും അപകടമാണെന്നും ചൂണ്ടിക്കാട്ടിയാണ് നെതന്യാഹു ഹമാസിന്റെ ആവശ്യം നിരാകരിച്ചത്.
നിലവിലുള്ള കണക്ക് പ്രകാരം 132 ബന്ദികളാണ് ഹമാസിന്റെ പക്കലുള്ളത്. ഒക്ടോബര്‍ ഏഴാം തീയതി പിടികൂടിയ 235 ബന്ദികളില്‍ നൂറോളം പേരെ വിവിധ ഘട്ടങ്ങളിലായി ഹമാസ് മുക്തരാക്കിയിരുന്നു. നിലവിലുള്ള 132 ബന്ദികളില്‍ 104 പേര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെന്നാണ് ഇസ്രയേല്‍ വിശ്വസിക്കുന്നത്.
അതേ സമയം, ഇസ്രയേലില്‍ തന്നെ നെതന്യാഹുവിന് എതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഹമാസിനെ ഇല്ലായ്മ ചെയ്യുകയല്ല രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും ബന്ദികളാക്കപ്പെട്ടവരുടെ സുരക്ഷയ്ക്കും വിമോചനത്തിനും പ്രഥമ പരിഗണന നല്‍കണമെന്നും കാബിനറ്റ് മന്ത്രിയായ ഗഡി എയ്‌സെന്‍ഗോട്ട് പറഞ്ഞു.
ജനങ്ങള്‍ക്കിടയിലും നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നെതന്യാഹുവിന്റെ വീടിന് മുന്നില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നു.
അവര്‍ (ബന്ദികള്‍) അവിടെ കിടന്നു മരിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുന്നതെങ്ങനെ? എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് പ്രതിഷേധക്കാര്‍ സമ്മേളിച്ചത്. ഉടന്‍തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ച് ചില പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കുള്ള വഴി ഉപരോധിച്ചു. ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. അതേ സമയം, ബന്ദികളുടെ മോചനം ഉറപ്പാക്കുന്ന യാതൊരു നിബന്ധനകളും ഹമാസ് നല്‍കിയിട്ടില്ലെന്ന് നെതന്യാഹു ബന്ദികളുടെയും ആക്രമണത്തില്‍ മരിച്ചവരുടെയും ബന്ധുക്കളോട് വെളിപ്പെടുത്തി. ബന്ദികളാക്കപ്പെട്ടവരുടെ മോചനം ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാണ് പ്രഥമ പരിഗണനയെന്നും വ്യക്തമാക്കി.
ഹമാസ് ഇത്തരത്തില്‍ ഒരു ഉപാധി മുന്നോട്ടുവെച്ചു എന്നത് വിശ്വസിക്കരുതെന്നും മറിച്ച് ഇസ്രയേല്‍ ഉപാധികള്‍ മുന്നോട്ടു വെച്ചിട്ടുണ്ടെന്നും നെതന്യാഹു സൂചിപ്പിച്ചു.
അടുത്തിടെ സിഎന്‍എന്റെ ഇസ്രയേല്‍ അഫിലിയേറ്റ് ചാനലായ ചാനല്‍ 13 നടത്തിയ ഹിതപരിശോധനയില്‍ 46 ശതമാനം ആളുകള്‍ ഹമാസുമായുള്ള സന്ധിയെ എതിര്‍ത്തു. 35 ശതമാനം ആളുകള്‍ ഹമാസുമായി സന്ധി നടത്തി ബന്ദികളെ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടു.
മറ്റൊരു ഹിതപരിശോധനയില്‍ 53 ശതമാനം ആളുകള്‍ നെതന്യാഹുവിന്റെ പ്രഥമ പരിഗണന വ്യക്തിതാല്‍പര്യം മാത്രമാണെന്ന് കുറ്റപ്പെടുത്തി. മറിച്ച് 33 ശതമാനം പേര്‍ മാത്രമാണ് നെതന്യാഹുവിന്റെ പ്രഥമ താല്‍പര്യം രാജ്യസുരക്ഷയാണെന്ന അനുകൂല അഭിപ്രായം രേഖപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.