ഹൈദ്രബാദ്; ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയാണെന്ന് വിരാട് കോലി അറിയിച്ചതിന് പിന്നാലെ ഇന്ത്യ എ ടീമില്‍ അവസാന നിമിഷം ഇടംനേടി റിങ്കു സിംഗ്. വിരാട് കോലിയുടെ പകരക്കാരനായി ടെസ്റ്റ് ടീമില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പില്ലെങ്കിലും റിങ്കുവിനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇന്ത്യ എ ടീമിലേക്കുള്ള വിളി.
ജനുവരി 24നാണ് ചതുര്‍ദിന പരിശീലന മല്‍സരം ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റിന് മുന്‍പ് കോലിക്ക് പകരക്കാരനെ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. എന്നാല്‍ റിങ്കുവിന് അവസരം നല്‍കുന്നതിലൂടെ സെലക്ടര്‍മാര്‍ തങ്ങളുടെ ഓപ്ഷനുകള്‍ ഒന്നുകൂടെ പരിശോധിക്കുകയാണ് എന്ന് വ്യക്തം. സര്‍ഫറാസ് ഖാന്‍, രജത് പാട്ടിദാര്‍ എന്നിവരും ടെസ്റ്റ് ടീമിലിടം നേടാന്‍ കാത്തിരിക്കുകയാണ്.
നേരത്തെ മൂന്നാം ചതുര്‍ദിന പരിശീലന മല്‍സരത്തില്‍ മാത്രമാണ് റിങ്കുവിന് അവസരം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാം ചതുര്‍ദിന മല്‍സരത്തിലും ഉള്‍പ്പെടുത്തിയതോടെ റിങ്കുവിന് അവസരം നല്‍കുകയാണ് സെലക്ടര്‍മാര്‍.
അരങ്ങേറ്റം നടത്തി ഏതാനും മല്‍സരങ്ങള്‍ക്ക് ഉള്ളില്‍തന്നെ ഏകദിനത്തിലും ടി20യിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ റിങ്കുവിന് സാധിച്ചിട്ടുണ്ട്. 15 മല്‍സരങ്ങളില്‍ നിന്നായി 89 ശരാശരിയും 178 സ്‌ട്രൈക്ക് റേറ്റുമുള്ള റിങ്കു പ്രതികൂല സാഹചര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കെല്‍പുള്ള ഫിനിഷര്‍ എന്ന നിലയിലും ശ്രദ്ധ നേടിക്കഴിഞ്ഞു.
വൈറ്റ് ബോളില്‍ ശോഭിച്ച റിങ്കുവിന് റെഡ് ബോള്‍ ക്രിക്കറ്റില്‍ എത്രമാത്രം ശോഭിക്കാന്‍ സാധിക്കുമെന്നത് മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുഴുസമയ വിക്കറ്റ് കീപ്പറായി കെഎസ് ഭരത് എത്തുമ്പോള്‍ നാലാം നമ്പറില്‍ രാഹുലും, അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരും എത്തും.
ആറാം സ്ഥാനത്ത് കെഎസ് ഭരതും എത്തുന്നതോടെ റിങ്കുവിന് അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. എന്തായാലും ഇന്ത്യ എ ടീമിലേക്കുള്ള വിളി റിങ്കുവിന് മുന്‍പില്‍ ടെസ്റ്റ് ടീമിലേക്കുള്ള വാതായനം സെലക്ടര്‍മാര്‍ തുറക്കുന്നുവെന്നതിന്റെ ശുഭസൂചനയാണ് നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.