ബയോപ്സി സാമ്പിള്‍ മോഷണ കേസ്: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വിറ്റത് ജീവനക്കാര്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ബയോപ്സി സാമ്പിള്‍ മോഷണ കേസ്: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വിറ്റത് ജീവനക്കാര്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ബംഗളൂരു: നിംഹാന്‍സ് മെഡിക്കല്‍ കോളജില്‍ നിന്ന് ബയോപ്സി സാമ്പിളുകള്‍ മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഷണവും വില്‍പനയും രണ്ട് വര്‍ഷമായി തുടരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് ജീവനക്കാര്‍ തന്നെയാണ് ഇവ മോഷ്ടിച്ച് വിറ്റതെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ മാസം 23 ന് ആശുപത്രി മേധാവി ഡോ. അനിത മഹാദേവന്‍ മോര്‍ച്ചറിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് മോഷണ വിവരങ്ങള്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരായ മൂന്ന് പേര്‍ക്കെതിരെ സിദ്ദാപൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായ ചന്ദ്രശേഖര്‍, മോര്‍ച്ചറിയിലെ സഹായിയായ അണ്ണാദുരൈ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. നിംഹാന്‍സ് ആശുപത്രി രജിസ്ട്രാര്‍ ശങ്കര്‍ നാരായണ്‍ റാവുവിന്റെ പരാതിയിലായിരുന്നു നടപടി.

ഒളിവിലുള്ള മറ്റൊരു പ്രതി മലയാളിയായ രഘുറാം എന്ന ജീവനക്കാരന്‍ വഴിയാണ് സാമ്പിളുകള്‍ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ക്ക് വിറ്റഴിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ രണ്ട് വര്‍ഷമായി ഈ കച്ചവട മാഫിയയുടെ ഭാഗമാണെന്നും ഇതിനകം മുന്നൂറ് മുതല്‍ നാനൂറ് ബയോപ്സി സാമ്പിളുകള്‍ ഇയാള്‍ വിറ്റെന്നും കണ്ടെത്തിയിട്ടുണ്ട്.

ചന്ദ്രശേഖര്‍ പതിനാറ് വര്‍ഷമായി ആശുപത്രിയിലെ ന്യൂറോപ്പതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയാണ്. മസ്തിഷ്‌കാര്‍ബുദം പോലെയുള്ള ന്യൂറോളജി രോഗങ്ങള്‍ കണ്ടെത്താനായി രോഗികളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ മോഷ്ടിക്കുന്നത് ഇയാളാണ്. പിന്നീട് ഇയാള്‍ ഇത് മോര്‍ച്ചറി ജീവനക്കാരനായ അണ്ണാദുരൈയ്ക്ക് കൈമാറും. മോര്‍ച്ചറിയിലെ കോള്‍ഡ് സ്റ്റോറേജിലാണ് ഇവ സൂക്ഷിക്കുക. പിന്നീട് കേസിലെ മൂന്നാം പ്രതിയായ രഘുറാം വഴി കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വില്‍ക്കുകയാണ് പതിവ്.

അതേസമയം ഒരു സാമ്പിളിന് എന്ത് വിലയാണ് ഇയാള്‍ ഈടാക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഇയാളെ കൂടി കണ്ടെത്തിയാലേ ഈ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് നഗര്‍ സൗത്ത് ഡിവിഷന്‍ ഡിസിപി രാഹുല്‍കുമാര്‍ ഷഹ്പൂര്‍ പറഞ്ഞു.

ശരീര ഭാഗങ്ങളില്‍ നിന്ന് കോശങ്ങളെടുത്തുള്ള പരിശോധനയാണ് ബയോപ്സി. മസ്തിഷ്‌കാര്‍ബുദവും ന്യൂറോളജിക്കല്‍ രോഗങ്ങളും മറ്റ് അര്‍ബുദങ്ങളും ഇത്തരത്തിലുള്ള പരിശോധനയിലൂടെയാണ് കണ്ടെത്തുന്നത്. മെഡിക്കല്‍ രംഗത്തെ ധാരാളം ഗവേഷണങ്ങള്‍ക്കായി ഈ ബയോപ്സി സാമ്പിളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് വേണ്ടിയാണ് നിംഹാന്‍സ് ഇവ സൂക്ഷിക്കുന്നത്. ഇത്തരത്തില്‍ സൂക്ഷിച്ചിരുന്ന സാമ്പിളുകളുടെ എണ്ണത്തില്‍ വന്ന വ്യത്യാസമാണ് അധികൃതരെ അന്വേഷണത്തിന് പ്രേരിപ്പിച്ചത്. കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്കായിരിക്കും ഇവ വിറ്റിരിക്കുന്നത് എന്നാണ് പൊലീസ് നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.