ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു

ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം  മേരി കോം വിരമിച്ചു

ന്യൂഡല്‍ഹി: ഇതിഹാസ ബോക്‌സിങ് താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി കോം റിങില്‍ നിന്ന് വിരമിച്ചു. പ്രായപരിധി ചൂണ്ടികാട്ടിയാണ് കായിക രംഗത്ത് നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ബോക്സിങ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ - വനിതാ ബോക്സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ് മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് 41 കാരിയായ താരം വിരമിച്ചത്.

2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ 51 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയതോടെ വനിതാ ബോക്സിംഗില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സറായി മേരി കോം മാറി. 2014 ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയതിലൂടെ, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ബോക്സര്‍ എന്ന പദവിയും മേരി കോം സ്വന്തമാക്കി.

എട്ട് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും ഏഴ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡലുകളും രണ്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകളും ഒരു കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡലും മേരി കോം നേടിയിട്ടുണ്ട്.

2003 ലെ ആദ്യ ലോക ചാംപ്യന്‍പട്ടത്തിന് പിന്നാലെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി മേരി കോമിനെ ആദരിച്ചു. 2009 ല്‍ ഖേല്‍ രത്‌ന പുരസ്‌കാരവും ലഭിച്ചു. 2006 ല്‍ പത്മശ്രീ, 2013 ല്‍ പത്മഭൂഷണ്‍, 2020 ല്‍ പത്മവിഭൂഷണ്‍ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016 മുതല്‍ 2022 വരെ രാജ്യസഭാംഗമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.