വാഷിങ്ടണ്‍: അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. അലബാമയില്‍ യൂജിന്‍ സ്മിത്ത് എന്ന 58കാരനാണ് വധശിക്ഷയ്ക്ക് വിധേയനായത്. 1989ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള കൊലപാതകിയുടെ വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലൊയാണ് നടപടി. അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. വിഷം കുത്തിവെച്ചാണ് പൊതുവെ യുഎസിലെ വധശിക്ഷകള്‍ നടപ്പാക്കിയിരുന്നത്.
മരണശിക്ഷ നടപ്പാക്കിയത് ഇങ്ങനെ
ആദ്യമായാണ് ഇത്തരത്തില്‍ അമേരിക്കയില്‍ വധശിക്ഷ നടത്തിയത്. മരണ അറയില്‍ എത്തിക്കഴിഞ്ഞാല്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ മുഖത്ത് ശ്വസിക്കുന്നതിനുള്ള മാസ്‌ക് വയ്ക്കും. ഇത് നൈട്രജന്‍ സിലിണ്ടറുമായി ബന്ധിപ്പിച്ച ശേഷം 15 മിനിറ്റോളം മാസ്‌ക് മുഖത്ത് തന്നെ വയ്ക്കും. നൈട്രജന്‍ ശ്വസിച്ച് തുടങ്ങുന്നതോടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹം നിലയ്ക്കുകയും നിമിഷങ്ങള്‍ക്കകം ബോധരഹിതനായി മരണം സംഭവിക്കുകയും ചെയ്യും. ഇത്തരത്തില്‍ വധശിക്ഷ നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് 4 മുതല്‍ 6% വരെയാണെങ്കില്‍ 40 സെക്കന്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയും ഏതാനം മിനിട്ടുകള്‍ക്കുള്ളില്‍ മരണവും സംഭവിക്കുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിശദീകരണം. അബോധാവസ്ഥയ്‌ക്കൊപ്പം ചിലപ്പോള്‍ അപസ്മാരം പോലുള്ള അസ്വസ്ഥകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അബോധാവസ്ഥയുണ്ടാകുന്നതിനു പിന്നാലെ ശരീരം നീലിക്കുകയും ഹൃദയം സ്തംഭിക്കുകയും ചെയ്യും. ഏഴു മിനിറ്റോളം ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ മസ്തിഷ്‌കത്തിന്റെ കോര്‍ട്ടക്‌സിലെയും മെഡുല്ല ഒബ്ലാംഗറ്റയിലെയും കോശങ്ങള്‍ നിര്‍ജീവമാവും. ഇതോടെ മസ്തിഷ്‌കമരണം സംഭവിച്ചതായി കണക്കാക്കാം.
സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാന്‍ ഏകദേശം 22 മിനിറ്റെടുത്തു. നൈട്രജന്‍ ശ്വസിച്ച് കുറച്ച് മിനിറ്റുകളോളം സ്മിത്ത് ബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് രണ്ട് മിനിറ്റോളം, സ്മിത്തിന്റെ ശരീരം ശക്തമായി വിറച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്മിത്തിനെ കൊലപ്പെടുത്താന്‍ നൈട്രജന്‍ ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. നൈട്രജന്‍ ശ്വസിക്കുമ്പോള്‍ ഛര്‍ദിക്കാനുള്ള സാധ്യതയേറെയാണെന്നും വളരെ മോശം രീതിയിലുള്ള മരണമാകും സംഭവിക്കുകയെന്നും അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ഇത് ഊഹാപോഹം മാത്രമാണെന്നും അവസാനത്തെ ഭക്ഷണം കഴിക്കുന്നത് കുറച്ച് നേരത്തെയാക്കിയാല്‍ മാത്രം മതിയെന്നുമായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. മനുഷ്യന് സാധ്യമായതില്‍ ഏറ്റവും വേദനാരഹിതമായ മരണമാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 165 പേരാണ് അലബാമയില്‍ വധശിക്ഷ കാത്തുകഴിയുന്നത്.
1988 മാര്‍ച്ച് 18 ന് എലിസബത്ത് സെന്നറ്റ് എന്ന 45കാരിയെ കൊലപ്പെടുത്തിയ കേസിലാണ് സ്മിത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കടക്കെണിയില്‍ നിന്ന് രക്ഷപെടുന്നതിനായി ഭാര്യയെ കൊന്ന് ഇന്‍ഷൂറന്‍സ് പണം തട്ടിയെടുക്കാന്‍ എലിസബത്തിന്റെ ഭര്‍ത്താവ് ചാള്‍സ് സെന്നറ്റ് പദ്ധതിയിട്ടു. ഇത് നടപ്പാക്കാന്‍ സ്മിത്തിനെയും ജോണ്‍ ഫോറസ്റ്റ് പാര്‍ക്കറെന്നയാളെയും 1000 ഡോളര്‍ നല്‍കി ഇയാള്‍ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസില്‍ പാര്‍ക്കറെയും സ്മിത്തിനെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പാര്‍ക്കറെ 2010 ല്‍ വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നു. ഭാര്യയുടെ കൊലപാതകത്തില്‍ താന്‍ സംശയനിഴലിലാണെന്ന് വ്യക്തമായതോടെ പാസ്റ്റര്‍ കൂടിയായ ഭര്‍ത്താവ് ചാള്‍സ് ജീവനൊടുക്കിയെന്നും കോടതിരേഖകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.