മഹാരാജാസ് കോളജിലെ അക്രമം; 21 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

 മഹാരാജാസ് കോളജിലെ അക്രമം; 21 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തില്‍ 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കെ.എസ്.യു-ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ 13 പേരെയും, എട്ട് എസ്എഫ്‌ഐക്കാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍.

ഈ കാലയളവില്‍ സസ്പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ചയാണ് മഹാരാജാസ് കോളജില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ സെന്‍ട്രല്‍ പൊലീസ് ആകെ എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കാമ്പസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിന് കോളജ് അടച്ചു.

പിന്നീട് വിദ്യാര്‍ത്ഥി സംഘടനകള്‍, പി.ടി.എ എന്നിവരുമായി കോളജ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി നിയന്ത്രണങ്ങളോടെ കാമ്പസ് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിട്ടും ആദ്യ ദിനം വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കാമ്പസിലെത്തിയത്.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കെഎസ്യു, ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. വധശ്രമം ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക്കാണ് കേസിലെ ഒന്നാം പ്രതി.

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ നാസര്‍ അബ്ദുള്‍ റഹ്മാനാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്റെ ചുമതല വഹിക്കുന്ന ആളായിരുന്നു. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.