'പൊലീസിനെ രാഷ്ട്രീയമായി നിയന്ത്രിക്കുന്നുവെന്ന് ഗവര്‍ണര്‍; നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ സമയമില്ലാത്ത ഗവര്‍ണര്‍ റോഡില്‍ കുത്തിയിരുന്നത് ഒന്നര മണിക്കൂറെന്ന് മുഖ്യമന്ത്രി: പോര് മുറുകുന്നു

'പൊലീസിനെ രാഷ്ട്രീയമായി നിയന്ത്രിക്കുന്നുവെന്ന് ഗവര്‍ണര്‍; നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ സമയമില്ലാത്ത ഗവര്‍ണര്‍ റോഡില്‍ കുത്തിയിരുന്നത് ഒന്നര മണിക്കൂറെന്ന് മുഖ്യമന്ത്രി:  പോര് മുറുകുന്നു

തിരുവനന്തപുരം: എസ്എഫ്‌ഐക്കാരുടെ കരിങ്കൊടി പ്രയോഗത്തില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റോഡരുകില്‍ കുത്തിയിരുന്നതിന് പിന്നാലെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി.

കേരള പൊലീസിനെ രാഷ്ട്രീയമായി നിയന്ത്രിക്കുന്നുവെന്നും അതിനാലാണ് നൂറിലധികം പൊലീസുകാര്‍ക്ക് 22 പ്രതിഷേധക്കാരെ തടയാന്‍ കഴിയാഞ്ഞതെന്നും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. മുഖ്യമന്ത്രിയാണ് അതുവഴി പോയിരുന്നതെങ്കില്‍ 22 പേര്‍ക്ക് പ്രതിഷേധിക്കാന്‍ സാധിക്കുമായിരുന്നോ എന്നും ഗവര്‍ണര്‍ ചോദിച്ചു. പ്രതിഷേധിക്കുന്ന എസ്എഫ്‌ഐക്കാര്‍ തെമ്മാടികളാണെന്നും അദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ സമയമില്ലെന്നും ഒന്നര മണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്നും ഇതിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചു.

ജനാധിപത്യ നിലപാടുകള്‍ക്ക് വിരുദ്ധമായി പെരുമാറുന്ന ഗവര്‍ണര്‍ പ്രത്യേക നിലപാടാണ് സ്വീകരിച്ചു വരുന്നത്. സുരക്ഷ സി.ആര്‍പിഎഫിന് കൈമാറിയത് വിചിത്രമായ കാര്യമാണ്.

സ്റ്റേറ്റിന്റെ തലവന് ഏറ്റവും വലിയ സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ സിആര്‍പിഎഫ് സുരക്ഷ നല്‍കിയിട്ടുള്ള ചില ആര്‍എസ്എസുകാരുടെ പട്ടികയിലാണ് ഇപ്പോള്‍ ഗവര്‍ണറും ഉള്‍പ്പെട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

എന്താണ് സിആര്‍പിഎഫ് നേരിട്ട് കേരളം ഭരിക്കുമോ. നാട്ടില്‍ എഴുതപ്പെട്ട നിയമ വ്യവസ്ഥകള്‍ ഉണ്ട്. അതില്‍ നിന്നും വിരുദ്ധമായി ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഏത് അധികാര സ്ഥാനവും വലുതല്ല.

ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. ഇതില്‍ ചിലതിന് കുറവുണ്ടോ എന്ന് ഗവര്‍ണര്‍ പരിശോധിക്കണം. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത്തരത്തില്‍ എന്തെങ്കിലുമുണ്ടോ എന്നും അദേഹം പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.

അതിനിടെ ഗവര്‍ണറുടെ സുരക്ഷാ വീഴ്ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.