സമൂഹ മാധ്യമത്തില്‍ പാലസ്തീന്‍ അനുകൂല പോസ്റ്റ്: അവതാരകയെ പിരിച്ചുവിട്ട് ഓസ്ട്രേലിയന്‍ മാധ്യമമായ എ.ബി.സി

സമൂഹ മാധ്യമത്തില്‍ പാലസ്തീന്‍ അനുകൂല പോസ്റ്റ്: അവതാരകയെ പിരിച്ചുവിട്ട് ഓസ്ട്രേലിയന്‍ മാധ്യമമായ എ.ബി.സി

സിഡ്നി: സമൂഹ മാധ്യമത്തില്‍ പാലസ്തീനെ അനുകൂലിച്ച് പോസ്റ്റുകള്‍ പങ്കുവച്ച മാധ്യമപ്രവര്‍ത്തകയെ പിരിച്ചുവിട്ട് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍. എബിസി റേഡിയോ ഷോയുടെ അവതാരക അന്റോയ്നെറ്റ് ലറ്റൂഫിനെയാണ് പുറത്താക്കിയത്. സിഡ്നി റേഡിയോ ഷോയില്‍ അവതാരകയായി ജോലിയില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിനകമാണ് ലറ്റൂഫിനെതിരേ നടപടിയുണ്ടായത്.

മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ പോസ്റ്റ് ലറ്റൂഫ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഡിസംബര്‍ 20ന് കമ്പനിയുടെ മാനേജ്മെന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി, പിരിച്ചുവിടുന്നതായി അറിയിക്കുകയായിരുന്നുവെന്ന് ലറ്റൂഫിനെ ഉദ്ധരിച്ച് വിവിധ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പിരിച്ചുവിട്ടതിന് പിന്നാലെ അന്റോയ്നെറ്റ് ലറ്റൂഫ് എബിസി മാധ്യമ സ്ഥാപനത്തിനെതിരെ കേസ് നല്‍കിയിരുന്നു. എന്നാല്‍, കമ്പനിയുടെ നിര്‍ദേശങ്ങള്‍ക്കെതിരേ നിരന്തരം പ്രവര്‍ത്തിച്ചതിനാലാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് എബിസി അറിയിച്ചു. വിവാദപരമായ വിഷയങ്ങളില്‍ എബിസിയിലെ മാധ്യമപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കരുതെന്ന് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശമാണ്. ഇതിനെതിരെ പ്രവര്‍ത്തിച്ചതിനാലാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു.

കമ്പനിയുടെ വ്യവസ്ഥകള്‍ക്ക് യോജിക്കാത്ത സമീപനം ലറ്റൂഫിന്റെ ഭാഗത്ത് നിന്നുണ്ടായതിനാല്‍ ജോലിയില്‍ തുടരേണ്ടതില്ലെന്ന് അറിയിക്കുകയാണുണ്ടായതെന്നുമാണ് കമ്പനി അറിയിച്ചത്.

ജോലിയില്‍ തുടരേണ്ടതില്ലെന്ന് ഔദ്യോഗികമായി അറിയിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായം മേലുദ്യോഗസ്ഥര്‍ പങ്കുവച്ചതായി ലറ്റൂഫ് പറഞ്ഞു.

തന്നെ പിരിച്ചുവിടാന്‍ ഇസ്രയേല്‍ അനുകൂല ഗ്രൂപ്പുകളില്‍ നിന്ന് കമ്പനിക്ക് മേല്‍ സമ്മര്‍ദമുണ്ടായെന്നും അവര്‍ ആരോപിച്ചു. തന്നെ പിരിച്ചുവിട്ടതിന് കമ്പനി പരസ്യമായി മാപ്പു പറയണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷ(എ.ബി.സി)ന്റെ സിഡ്നി റേഡിയോ ഷോയില്‍ അവതാരകയായിരുന്ന ലറ്റൂഫ് കൊമേഴ്സ്യല്‍ ടെലിവിഷനില്‍ റിപ്പോര്‍ട്ടര്‍ ആകുന്ന ആദ്യ അറബ്-ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26