നിതീഷ് കുമാർ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി; എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റു

നിതീഷ് കുമാർ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി; എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റു

പട്ന: ബിഹാറിൽ ബി.ജെ.പി സഖ്യത്തിൽ ജെ.ഡി(യു) സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിതീഷിനൊപ്പം ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവരും മറ്റ് ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 

നേരത്തെ ഗവർണർ രാജേന്ദ്ര അരലേക്കറിന്‍റെ വസതിയിലെത്തി നിതീഷ് കുമാർ രാജിക്കത്ത് കൈമാറിയിരുന്നു. ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവയുടെ പിന്തുണയോടെയുള്ള മഹാസഖ്യം വിട്ടാണ് നിതീഷ് കുമാർ വീണ്ടും ബി.ജെ.പിക്കൊപ്പം പോയത്. ബി.ജെ.പി എം.എൽ.എമാരുടെ പിന്തുണ കാണിച്ചുള്ള കത്തും ഗവർണർക്ക് കൈമാറി. ഇതിന് പിന്നാലെയാണ് വൈകീട്ട് അഞ്ച് മണിയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഇത് ഒൻപതാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്നാം തവണയും. 243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എം.എൽ.എമാരുള്ള ആർ.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോൺഗ്രസ് 19, സി.പി.ഐ (എം.എൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സി.പി.ഐ രണ്ട്, സി.പി.എം രണ്ട്, എ.ഐ.എം.ഐ.എം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില.

ഒരു സീറ്റിൽ സ്വതന്ത്രനാണ്. ഭരിക്കാൻ 122 സീറ്റ് വേണം. ബി.ജെ.പിയും ജെ.ഡി.യുവും ചേർന്നാൽ സീറ്റുകളുടെ എണ്ണം 123 ആകും. ജെ.ഡി.യു പിന്മാറിയതോടെ മഹാഘഡ്ബന്ധൻ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.