മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് പാര്‍ലമെന്റില്‍ നിന്ന് 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ഒഴിവാക്കാനുള്ള നീക്കത്തിനെതിരേ ഇ-മെയില്‍ ക്യാമ്പെയ്നുമായി ക്രിസ്ത്യന്‍ സംഘടനയായ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി. ഒരു നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യം എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരേ ക്രൈസ്തവ വിശ്വാസികളെ അണിനിരത്തുകയാണ് സംഘടനയുടെ ലക്ഷ്യം.
സംസ്ഥാനത്തിന്റെ പുതിയ പ്രീമിയര്‍ തന്നെയാണ് 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ഒഴിവാക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിലെ ചില അംഗങ്ങളും ഇതിനു പിന്തുണയുമായി രംഗത്തുണ്ട്. ഈ പ്രാര്‍ത്ഥന സംസ്ഥാനത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന വാദമാണ് പ്രീമിയര്‍ ജസീന്ത അലന്‍ ഉന്നയിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനത്തില്‍ നിന്നും നമ്മുടെ ചരിത്രത്തെയും ദൈവത്തെയും ക്രിസ്ത്യന്‍ പൈതൃകത്തെയും ഇല്ലാതാക്കുന്ന നീക്കമാണ് പ്രീമിയറുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി ആരോപിച്ചു.
'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥനയോടെ പാര്‍ലമെന്റിന്റെ അനുദിന സമ്മേളനം ആരംഭിക്കുന്ന പതിവ് 1918-ല്‍ മുതല്‍ ഇതുവരെ അനുവര്‍ത്തിച്ചുപോരുന്നതാണ്.
നിയമാനുസൃതമായ പദവിയും ഈ പ്രാര്‍ത്ഥനയ്ക്കുണ്ട്. നമ്മുടെ മഹത്തായ ജനാധിപത്യ
നാഗരിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും സ്വതന്ത്രവും സമൃദ്ധവുമായ സമൂഹങ്ങളുടെ നിലനില്‍പ്പിനും അടിത്തറയായിട്ടുള്ളത് ക്രിസ്ത്യന്‍ ധാര്‍മ്മികതയാണ്.
പ്രീമിയര്‍ ജസീന്ത അലന്റെ പ്രസ്താവനയോട് പ്രതികരിച്ച് വിക്ടോറിയന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ജാസ്മിന്‍ യുവന്‍ പറഞ്ഞത് ഇങ്ങനെയാണ് - 'കര്‍ത്താവിന്റെ പ്രാര്‍ത്ഥനയെ കേവലം ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനയായി മാത്രം ചുരുക്കരുത്. ഇത് എല്ലാ ഓസ്‌ട്രേലിയക്കാരുടെയും പ്രധാന പാരമ്പര്യമാണ്. ക്രിസ്ത്യന്‍ പൈതൃകത്തിലും നിയമനിര്‍മാണ സംവിധാനത്തിലും ഉറച്ചുനില്‍ക്കുന്ന നമ്മുടെ ജനാധിപത്യ സംവിധാനത്തിലൂടെ നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണിത്. നമ്മുടെ സമൂഹം കൂടുതല്‍ ബഹുസ്വരമായി മാറുമ്പോള്‍, മതഭേദമന്യേ ഓസ്‌ട്രേലിയന്‍ എന്ന നിലയില്‍ നമ്മെ ഒന്നിപ്പിക്കുന്നതിന്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥനയ്ക്ക് നിര്‍ണായക സ്ഥാനമുണ്ട്'.
കര്‍ത്താവിന്റെ പ്രാര്‍ത്ഥനയെയും ക്രിസ്ത്യന്‍ പൈതൃകത്തെയും ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരേ പ്രതിരോധിക്കാന്‍ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി ഇ-മെയില്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചുകഴിഞ്ഞു. വിശ്വാസികളുടെ പ്രതിഷേധം നേരിട്ട് അറിയിക്കാന്‍ വിക്ടോറിയന്‍ പ്രീമിയര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമാണ് ഇ-മെയില്‍ അയയ്ക്കുന്നത്. വിക്ടോറിയ പാര്‍ലമെന്റിലെ പ്രാര്‍ത്ഥന നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കുചേരാം. അതിനായി ചുവടെയുള്ള ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.