പാലാ രൂപതയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു

പാലാ രൂപതയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു

കൊച്ചി: വീട്ടിലെ പ്രതികൂല സാഹചര്യങ്ങളിൽ മനംനൊന്ത് ദയാവധ ത്തിന് അനുമതിതേടി പത്രസമ്മേളനം നടത്തിയ കുടുംബത്തിന് പുതുജീവിതം നൽകാൻ തയ്യാറായ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനേയും രൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാർ സ്ലീവ മെഡിസിറ്റി അധികൃതരേയും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സമ്മേളനം അനുമോദിച്ചു.     

കൊഴുവനാൽ പഞ്ചായത്തിലെ മനുവും സ്മിതയും മൂന്നുമക്കളുമടങ്ങുന്ന കുടുംബവും അവരുടെ മക്കൾക്കുണ്ടായ അപൂർവ്വരോഗബാധയെ തുടർന്നാണ് ദയവധത്തിന് അനുമതി തേടാനൊരുങ്ങിയത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദ്ദേശാനുസരണം മെഡിസിറ്റി അധികൃതരും ഇടവക വികാരിയും വീട് സന്ദർശിക്കുകയും, മനുവിനും സ്മിതയ്ക്കും ഉചിതമായ ജോലി നൽകുവാനും, കുട്ടികളുടെ ചികിത്സ സൗജന്യമായി നൽകുവാനും തീരുമാനിച്ചത് വലിയ അനുഗ്രഹവും മാതൃകയുമാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.                                 

രോഗദുരിതങ്ങൾ മൂലം പ്രതിസന്ധിയിലാകുന്ന കുടുംബങ്ങളെ സഹായിക്കുവാൻ സർക്കാരിന് പ്രത്യേക പദ്ധതികളാവശ്യമാണ്. വിഷമങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം ദയാവധമല്ല. ഏതവസ്ഥയിലും ജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും സാധിക്കണം. മനുഷ്യസ്നേഹമുള്ള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും കാരുണ്യവും സ്നേഹവും കരുതലുമാണ് പ്രശ്നങ്ങളെ അതിജീവിക്കുവാൻ സഹായിക്കുന്നത്.

പൊതുസമൂഹത്തിന്റെ കാരുണ്യത്തോടെയുള്ള ഇടപെടലുകൾ എപ്പോഴും ആവശ്യമാണ്‌. ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ വിഷമിക്കുന്ന വ്യക്തികളെ സഹായിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് അനുമോദനാർഹമാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26