'ചിന്തിക്കുമ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കും'; മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ച് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക്

'ചിന്തിക്കുമ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കും'; മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ച് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക്

കാലിഫോര്‍ണിയ: അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ന്യൂറാലിങ്കിന്റെ ചിപ്പ് മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചു. രോഗിയില്‍ ബ്രെയിന്‍-ചിപ്പ് ഘടിപ്പിച്ചെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു. പ്രതീക്ഷ നല്‍കുന്നതാണ് ആദ്യ ഫലങ്ങളെന്നും മസ്‌കിന്റെ എക്സ് കുറിപ്പില്‍ അവകാശപ്പെട്ടു. ടെലിപ്പതി'യെന്നാണ് ചിപ്പിന് മസ്‌ക് നല്‍കിയ പേര്.

മനുഷ്യന്റെ തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് 2016-ല്‍ മസ്‌ക് ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി സെപ്റ്റംബറില്‍ ലഭിച്ചശേഷം പദ്ധതിയുമായി സഹകരിച്ച് തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാകാനും തയ്യാറുള്ളവരെ കമ്പനി ക്ഷണിച്ചിരുന്നു. ഇതിനുള്ള രജിസ്ട്രേഷന്‍ ഫോം കമ്പനിയുടെ വെബ്സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്തു.

അഞ്ച് നാണയങ്ങള്‍ ഘടിപ്പിച്ചു വെച്ചതുപോലുള്ള ലിങ്ക് എന്നറിയപ്പെടുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ പ്രധാന ഭാഗം. ഇത് തലച്ചോറിനകത്ത് സര്‍ജറിയിലൂടെ സ്ഥാപിക്കും. ഇതുവഴിയാണ് കമ്പ്യൂട്ടറുമായുള്ള ആശയവിനിമയം സാധ്യമാകുന്നത്.

റോബോട്ട് വഴിയാണ് രോഗിയുടെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്ന സര്‍ജറി ചെയ്തത്. ചിന്തകളെ നിയന്ത്രിക്കുന്ന ഭാഗത്തായാണ് ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്. ചിപ്പ് ഘടിപ്പിച്ചയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് തിരിച്ചറിഞ്ഞ ശേഷം തലച്ചോറില്‍ നിന്നുള്ള അത്തരം സിഗ്‌നലുകളെ ആപ്പിലേക്ക് കൈമാറുകയാണ് ചിപ്പ് ചെയ്യുന്നത്.

പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ഇത് ഫലപ്രദമാകുമെന്നാണ് ന്യൂറാലിങ്ക് അവകാശപ്പെടുന്നത്. ആളുകള്‍ ചിന്തിക്കുമ്പോള്‍ തന്നെ ഫോണോ കമ്പ്യൂട്ടറോ അതു നിയന്ത്രിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആകും. തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാന്‍ എത്ര പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കുരങ്ങന്‍മാരില്‍ ബ്രെയിന്‍ ചിപ്പ് പരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ആസ്ഥാനമായ മൃഗാവകാശ സംഘടന ന്യൂറാലിങ്കിനെതിരെ രംഗത്തുവന്നിരുന്നു. ചിപ്പുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകര്‍ കുരങ്ങുകളെ പീഡിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. തലയോട്ടിയില്‍ സ്റ്റീല്‍ പോസ്റ്റുകളും മറ്റും കുത്തിക്കയറ്റിയതിനെ തുടര്‍ന്ന് ഫേഷ്യല്‍ ട്രോമ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളാണ് കുരങ്ങുകള്‍ നേരിടുന്നതെന്നാണ് മൃഗസ്നേഹികള്‍ ആരോപിച്ചത്.

ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ച ഒരു കുരങ്ങന്‍ വെര്‍ച്വല്‍ കീബോര്‍ഡ് ഉപയോഗിച്ച് ടെലിപതിക് ടൈപ്പിങ് നടത്തുന്ന വീഡിയോ ഇലോണ്‍ മസ്‌ക് നേരത്തെ പുറത്തുവിട്ടിരുന്നു.

ബ്രെയിന്‍ ഇംപ്ലാന്റിനായുള്ള ക്ലിനിക്കല്‍ ട്രയലില്‍ കഴുത്തിലെ ക്ഷതമോ തളര്‍വാതമോ ബാധിച്ച രോഗികളും ഉള്‍പ്പെടാം. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും ചിപ്പ് ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.