കൊല്ലം സീറ്റ് ആര്‍എസ്പിക്ക് തന്നെ; പ്രേമചന്ദ്രന്‍ വീണ്ടും കളത്തിലിറങ്ങും

കൊല്ലം സീറ്റ് ആര്‍എസ്പിക്ക് തന്നെ;  പ്രേമചന്ദ്രന്‍ വീണ്ടും കളത്തിലിറങ്ങും

കൊല്ലം: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ യുഡിഎഫില്‍ ധാരണ. സിറ്റിങ് എംപി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ് - ആര്‍എസ്പി ഉഭയകക്ഷി ചര്‍ച്ചയില്‍ മറ്റൊരു പേരും ഉയര്‍ന്നു വന്നില്ല. യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായ ശേഷമായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ആര്‍എസ്പിയിലെ എന്‍.കെ പ്രേമചന്ദ്രന്‍ തന്നെയായിരുന്നു കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു. ആര്‍എസ്പിയെ പ്രതിനിധീകരിക്കാന്‍ പ്രേമചന്ദ്രനേക്കാള്‍ മികച്ച മറ്റൊരു സ്ഥാനാര്‍ഥിയുണ്ടാവില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

2014 ല്‍ എം.എ ബേബിക്കെതിരായി മത്സരിച്ചപ്പോള്‍ മുപ്പത്തേഴായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് ലഭിച്ചത്. 2019 ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഭൂരിപക്ഷം ഒന്നര ലക്ഷത്തിലേക്ക് ഉയര്‍ത്താനും പ്രേമചന്ദ്രനായി. സിപിഎമ്മിന്റെ കെ.എന്‍ ബാലഗോപാലിനെ തോല്‍പിച്ചാണ് പ്രേമചന്ദ്രന്‍ കഴിഞ്ഞ തവണ സീറ്റ് നിലനിര്‍ത്തിയത്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീന്‍ എം.എം. ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ ഷിബു ബേബി ജോണിനെയും പ്രേമചന്ദ്രനെയും കൂടാതെ ആര്‍എസ്പിക്കായി എ.എ. അസീസും ബാബു ദിവാകരനും ചര്‍ച്ചയില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.