വാഷിങ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കൈയടി നേടിയ ജനപ്രിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പരയായ 'ദി ചോസണ്‍'ന്റെ നാലാം ഭാഗം ഇന്ന് (ഫെബ്രുവരി ഒന്ന്) മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഓണ്‍ലൈനിലൂടെയുള്ള സ്ട്രീമിംഗിന് മുന്‍പായി നാലു സീസണും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്.
2024 ഫെബ്രുവരി ഒന്നിനാണ് 1-3 വരെയുള്ള എപ്പിസോഡുകള്‍ പ്രദര്‍ശിപ്പിക്കുക. 4-6 വരെയുള്ള എപ്പിസോഡുകള്‍ ഫെബ്രുവരി 15നും, 7, 8 എപ്പിസോഡുകള്‍ ഫെബ്രുവരി 29നുമാണ് പ്രദര്‍ശിപ്പിക്കുക. ഫാതോം ഇവന്റ്‌സിനാണ് അമേരിക്കയിലേയും, കാനഡയിലെയും പ്രദര്‍ശനത്തിന്റെ വിതരണാവകാശം.
പരമ്പരയുടെ പുതിയ ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. തീയറ്റര്‍ പ്രദര്‍ശനം കഴിഞ്ഞതിന് ശേഷം 'ദി ചോസണ്‍' ആപ്പിലൂടേയും, മറ്റ് കേബിള്‍ ടിവി വഴിയും നാലാം സീസണ്‍ സംപ്രേഷണം ചെയ്യും. അമേരിക്കക്കും കാനഡക്കും പുറമേ, ദി ചോസണിന്റെ പ്രധാന എപ്പിസോഡുകള്‍ ലാറ്റിന്‍ അമേരിക്കയിലും യു.കെയിലും പോളണ്ടിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ട്.
ഈ വരാനിരിക്കുന്ന സീസണില്‍ നിന്ന് ആരാധകര്‍ക്ക് എന്താണ് പ്രതീക്ഷിക്കാനാവുക എന്നതിനെക്കുറിച്ച് 'ദി ചോസണ്‍' ന്റെ സംവിധായകനും സഹ-എഴുത്തുകാരനുമായ ഡാളസ് ജെങ്കിന്‍സ് സിഎന്‍എയുമായി സംസാരിച്ചു.
സീസണ്‍ മൂന്നിന്റെ പ്രമേയം 'തളര്‍ന്നിരിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരൂ, ഞാന്‍ നിങ്ങള്‍ക്ക് വിശ്രമം തരാം' എന്നതായിരുന്നു. എന്നാല്‍, ഈ സീസണില്‍ യേശു അല്‍പ്പം ക്ഷീണിതനും ഭാരമുള്ളവനുമാണ്, യേശുവിന് വിശ്രമം ആവശ്യമാണ്, അവിടുത്തെ അടുത്ത സുഹൃത്തുക്കളുള്‍പ്പെടെ ചുറ്റുമുള്ള ആളുകളില്‍ നിന്ന് അത് ലഭിക്കുന്നില്ല - ജെങ്കിന്‍സ് വിശദീകരിച്ചു. 'ഈ സീസണില്‍ യേശുവിന് മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഏകാന്തത അനുഭവപ്പെടുന്നതായി കാണാം'.
സീസണ്‍ 4-ന്റെ എപ്പിസോഡുകള്‍ വലിയ സ്‌ക്രീനില്‍ കാണുവാനുള്ള അവസരം നിഷേധിക്കുകയാണെങ്കില്‍ അത് ആരാധകരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമെന്ന് പരമ്പരയുടെ സംവിധായകനായ ഡാളസ് ജെങ്കിന്‍സ് പറഞ്ഞു. സ്‌നാപക യോഹന്നാന്‍ കൊല്ലപ്പെടാന്‍ പോകുന്നതും മഗ്ദലന മറിയം ശൂന്യമായ കല്ലറയിലേക്ക് ഉറ്റുനോക്കുന്നതും ഉള്‍പ്പെടെയുള്ള ബൈബിള്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദി ചോസണ്‍ ടീമുമായി സഹകരിച്ച് നാലാം സീസണ്‍ തീയേറ്ററുകളിലൂടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ ആവേശഭരിതരാണെന്ന് വിതരണക്കാരായ ഫാതോം ഇവന്റ്‌സിന്റെ സി.ഇ.ഒ റേ നട്ട് പറഞ്ഞു.
പൂര്‍ണ്ണമായും ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദി ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് 'ദി ചോസണ്‍' ഇപ്പോള്‍. അന്‍പതോളം ഭാഷകളില്‍ ഈ പരമ്പര തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളില്‍ സബ്‌ടൈറ്റില്‍ ലഭ്യമാക്കുവാനും അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.