വത്തിക്കാന്‍ സിറ്റി: മരണാസന്നരായ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പായുടെ ഫെബ്രുവരിയിലെ പ്രാര്‍ഥനാ നിയോഗം. രോഗശമനത്തിനുള്ള സാധ്യത കുറവാണെങ്കിലും മരണാസന്നരായ ആളുകള്‍ക്കു നല്‍കേണ്ടുന്ന ശ്രദ്ധയുടെയും പരിചരണത്തിന്റെയും കാര്യത്തില്‍ കുറവുകളൊന്നും സംഭവിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലും പാപ്പാ തന്റെ പ്രതിമാസ പ്രാര്‍ഥനാ നിയോഗത്തിലൂടെ നല്‍കുന്നു.
ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമാണ് ആഗോള രോഗി ദിനം ആചരിക്കുന്നത്. ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയാല്‍ രോഗികള്‍ക്ക് സൗഖ്യം ലഭിക്കുന്നതിന്റെ സ്മരണാര്‍ത്ഥവും ലോകമെങ്ങുമുള്ള രോഗികളെയും രോഗീ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും പ്രാര്‍ത്ഥനയിലൂടെ പ്രത്യേകം ഓര്‍മ്മിക്കാനുമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആരംഭിച്ചതാണ് ആഗോള രോഗീ ദിനാചരണം. ഇതോടനുബന്ധിച്ചാണ് മാര്‍പാപ്പ ഫെബ്രുവരിയിലെ പ്രാര്‍ത്ഥനാ നിയോഗം മരണാസന്നരായ രോഗികള്‍ക്കു വേണ്ടി സമര്‍പ്പിച്ചത്.
മാരകമായ രോഗങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന രണ്ടു പദങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകള്‍ ആരംഭിക്കുന്നത്. 'ചികിത്സിക്കാന്‍ സാധിക്കാത്തതും' (incurable) 'പരിചരിക്കാന്‍ സാധിക്കാത്തതും' (un-carable). എന്നാല്‍ ഇവ രണ്ടും സമാനമല്ലെന്നും
ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ലെങ്കിലും ഓരോ രോഗിക്കും ആതുരവും മാനസികവും ആത്മീയവും മാനുഷികവുമായ പരിചരണത്തിനും സഹായത്തിനുമുള്ള അവകാശമുണ്ടെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
'സൗഖ്യമാക്കല്‍ എല്ലായ്പ്പോഴും സാധ്യമല്ലായിരിക്കാം, എന്നാല്‍ എല്ലായ്‌പ്പോഴും രോഗിയെ നമുക്ക് പരിപാലിക്കാനും അവരെ ശുശ്രൂഷിക്കാനും കഴിയണം.
സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും ഓരോ രോഗിയും നമ്മെ തിരിച്ചറിയുന്നുണ്ടെന്നും അത് മനസ്സിലാക്കണമെങ്കില്‍ അവരുടെ കൈകള്‍ നമ്മുടെ കരങ്ങളോടു ചേര്‍ത്തുവയ്ക്കണമെന്നും പാപ്പാ പറഞ്ഞു.
സാന്ത്വന പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാര്‍പാപ്പ പറഞ്ഞു. 'അത്തരം പരിചരണം രോഗിക്ക് വൈദ്യസഹായം മാത്രമല്ല, മാനുഷികമായ കരുതലും കൈത്താങ്ങും ഉറപ്പുനല്‍കുന്നു'
രോഗീ പരിചരണത്തില്‍ കുടുംബത്തിന്റെ പങ്കിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, രോഗികളെ ഈ പ്രയാസകരമായ നിമിഷങ്ങളില്‍ തനിച്ചാക്കരുതെന്നും ഓര്‍മിപ്പിച്ചു. 'കുടുംബത്തിന്റെ പങ്ക് നിര്‍ണായകമാണ്. രോഗിക്ക് ശാരീരികവും ആത്മീയവും സാമൂഹികവുമായ പിന്തുണ നല്‍കുന്നതില്‍ ബന്ധുക്കള്‍ക്ക് നിര്‍ണായക പങ്കുണ്ട്.
മരണാസന്നരായ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ വൈദ്യ, മാനുഷിക പരിചരണവും സഹായവും എല്ലായ്പ്പോഴും ലഭിക്കുന്നതിന് എല്ലാവരില്‍ നിന്നും പ്രാര്‍ത്ഥനകളും പ്രതിബദ്ധതയും അഭ്യര്‍ത്ഥിച്ചുകൊണ്ട് മാര്‍പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.