ഭൂരിപക്ഷം പത്ത് ദിവസത്തിനകം തെളിയിക്കണം; ജാര്‍ഖണ്ഡില്‍ ചംപയ് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്

ഭൂരിപക്ഷം പത്ത് ദിവസത്തിനകം തെളിയിക്കണം; ജാര്‍ഖണ്ഡില്‍ ചംപയ് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെ.എം.എം നേതാവ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ചംപയ് സോറനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചു. പത്ത് ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

നേരത്തെ ഭൂരിപക്ഷം വ്യക്തമാക്കി 43 എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തിയിട്ടും ചംപയ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നില്ല. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് വിശ്വസ്തനായ ചംപയ് സോറനെ അടുത്ത മുഖ്യമന്ത്രിയായി ജെ.എം.എം നേതൃയോഗം നിശ്ചയിച്ചു. ഇക്കാര്യം അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തിരുന്നു. ജെ.എം.എമ്മിലെ ഉള്‍പ്പോര് മുതലെടുക്ക് ബി.ജെ.പി അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ മകനാണ് ഹേമന്ത് സോറന്‍. 2013 മുതല്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാണ്. ഭാര്യയുടെ പേരിലുള്ള കമ്പനിക്കായി ആദിവാസി ഭൂമി തട്ടിയെടുക്കല്‍, പദവി ദുരുപയോഗം ചെയ്ത് ഖനി സ്വന്തമാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയാണ് സോറനെതിരായ കേസുകള്‍.

ഇന്നലെ ഉച്ചമുതല്‍ റാഞ്ചിയിലെ വസതിയില്‍ സോറനെ ഇഡി ചോദ്യം ചെയ്തിരുന്നു. രാത്രി എട്ടോടെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉറപ്പായതോടെ ഇഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം അവരുടെ വാഹനത്തില്‍ തന്നെ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. ഭാര്യ കല്‍പനയെ മുഖ്യമന്ത്രിയാക്കാനായിരുന്നു സോറന്റെ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.