ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ നടി മഞ്ജു വാര്യരും; സാധ്യത തള്ളാതെ എല്‍ഡിഎഫ്

ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ നടി മഞ്ജു വാര്യരും; സാധ്യത തള്ളാതെ എല്‍ഡിഎഫ്


കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കഴിയുന്നത്ര സീറ്റുകളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. ഇതു പ്രകാരം എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി മണ്ഡലം തിരികെ പിടിക്കാന്‍ കരുത്തരെ തേടുകയാണ് പാര്‍ട്ടി.

ചാലക്കുടിയില്‍ സിനിമാ താരം മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചന നടക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സിനിമാ നടന്‍ ഇന്നസെന്റിനെ മത്സരിപ്പിച്ച് സിപിഎം ചാലക്കുടി മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ബെന്നി ബഹനാന്‍ ആണ് നിലവില്‍ ചാലക്കുടി എംപി.

2014 ല്‍ അപ്രതീക്ഷിതമായി ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായതു പോലെ അവസാന നിമിഷം മഞ്ജു വാര്യരെ മത്സര രംഗത്തിറക്കാനാണ് സിപിഎം നേതാക്കളുടെ ശ്രമം. എന്നാല്‍ നടി ഇതിനോട് പ്രതികരിച്ചിട്ടില്ല.

സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും ഈ ഘട്ടത്തില്‍ മഞ്ജു വാര്യര്‍ അടക്കം ഒരു പേരും തള്ളിക്കളയുന്നില്ലെന്നും എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുകയെന്നും അദേഹം വ്യക്തമാക്കി.

മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ്, സിഐടിയു നേതാവ് യു.പി ജോസഫ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മന്ത്രിയായിരുന്നപ്പോഴുള്ള പ്രവര്‍ത്തന മികവും തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അധ്യാപകനായിരുന്നു എന്നതും രവീന്ദ്രനാഥിന് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നാണ് വിലയിരുത്തല്‍.

മണ്ഡലത്തിന് പുറത്തുള്ള ആളാണെങ്കിലും യുവാക്കള്‍ക്കിടയില്‍ സ്വീകാര്യതയുണ്ട് എന്നതാണ് ജെയ്ക് സി. തോമസിനെ പരിഗണിക്കാന്‍ കാരണം. യു.പി ജോസഫ് മുമ്പ് ചാലക്കുടിയില്‍ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിനെ 1,32,274 വോട്ടുകള്‍ക്കാണ് ബെന്നി ബഹനാന്‍ തോല്‍പ്പിച്ചത്. ബെന്നി ബെഹനാന്‍ തന്നെ ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും.

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് അസംബ്ലി മണ്ഡലങ്ങളാണ് ചാലക്കുടി ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ഇല്ലാതായതോടെ 2008 ലാണ് ചാലക്കുടി മണ്ഡലം രൂപീകരിക്കപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.