സുരക്ഷാ വേലികള്‍ തീര്‍ത്ത് വന്യജീവികളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കണം: കെ.സി.വൈ.എം മാനന്തവാടി രൂപത

 സുരക്ഷാ വേലികള്‍ തീര്‍ത്ത് വന്യജീവികളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കണം: കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വന്യ ജീവികളുടെ നിരന്തര ആക്രമണത്താല്‍ വലയുന്ന വയനാടന്‍ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.

മാനന്തവാടി ടൗണ്‍, പുല്‍പ്പള്ളി, വാകേരി ഉള്‍പ്പെടെയുള്ള പ്രദേശം പോലും വന്യ ജീവികളുടെ ഇടമായി മാറി എന്നത് ആശങ്കയുണ്ടാക്കുന്നു. നാടെന്നോ നഗരമെന്നോ ഇല്ലാതെ വന്യ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി ജനജീവിതത്തെ തടസപ്പെടുത്തുന്നത് ഉദ്യോഗസ്ഥരും ഭരണ സംവിധാനങ്ങളും ജനങ്ങളുടെ ജീവിതത്തിന് വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എന്നതിന് തെളിവാണെന്ന് രൂപത സമിതി വിലയിരുത്തി.

ഇത്തരത്തില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരമെന്നവണം വനാതിര്‍ത്തികളില്‍ സുരക്ഷാ വലയങ്ങള്‍ തീര്‍ത്ത് ജനവാസ മേഖലകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാതടത്തില്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനങ്ങളിലൂടെ പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.

സര്‍ക്കാരും ത്രിതല പഞ്ചായത്തും വാര്‍ഡ് പ്രതിനിധികളും ഉള്‍പ്പെടെ ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കണം.
തുടരുന്ന വന്യ മൃഗ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധ ബോധവല്‍ക്കരണ പരിപാടികളോടെയും ജന മധ്യത്തിലേക്ക് പോകാനാണ് കെസിവൈഎം യുവജന സംഘടന തീരുമാനിച്ചിരിക്കുന്നത്.

കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി റ്റിജിന്‍ ജോസഫ് വെള്ളപ്ലാക്കില്‍, സെക്രട്ടറിമാരായ അമ്പിളി സണ്ണി കുറുമ്പലാക്കട്ട്, ഡെലിസ് സൈമണ്‍ വയലുങ്കല്‍, ട്രഷറര്‍ ജോബിന്‍ ജോയ് തുരുത്തേല്‍, കോര്‍ഡിനേറ്റര്‍ ജോബിന്‍ തടത്തില്‍, ഡയറക്ടര്‍ റവ. ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സി. ബെന്‍സി ജോസ് എസ്.എച്ച് എന്നിവര്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.