കുങ്കിയാന ആക്കില്ല: കഴിക്കുന്നത് പുല്ല്, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാന്‍; പ്രതികരിച്ച് തമിഴ്‌നാട് വനം വകുപ്പ്

 കുങ്കിയാന ആക്കില്ല: കഴിക്കുന്നത് പുല്ല്, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാന്‍; പ്രതികരിച്ച് തമിഴ്‌നാട് വനം വകുപ്പ്

ചെന്നൈ: കാട്ടാന തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞതിന് പിന്നാലെ ചര്‍ച്ചയായിരിക്കുകയാണ് ഇടുക്കി ചിന്നക്കനാലില്‍ നിന്ന് കാട് കയറ്റിയ കാട്ടാന അരിക്കൊമ്പന്‍. ആനയുടെ ആരോഗ്യനില സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെ അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് വ്യക്തമാക്കി തമിഴ്‌നാട് വനംവകുപ്പ് രംഗത്തെത്തി.

കാട്ടാന അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് അറിയിച്ചത്. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സുപ്രിയ വ്യക്തമാക്കി.

അതേസമയം അരിക്കൊമ്പനെ കുങ്കിയാന ആക്കാന്‍ ഉദേശിക്കുന്നില്ലെന്ന് തമിഴ്‌നാട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ശ്രീനിവാസ് ആര്‍ റെഡ്ഡി പറഞ്ഞു. അപ്പര്‍ കോതയാര്‍ വന മേഖലയില്‍ തുറന്നുവിട്ട ആനയെ വീണ്ടും പിടികൂടാനില്ല. അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണ്. സാഹചര്യങ്ങളുമായി ആന പൊരുത്തപ്പെട്ടുകഴിഞ്ഞുവെന്നും ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കി.

അരിക്കൊമ്പനെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. തുറന്നുവിട്ട സ്ഥലങ്ങളിലൂടെയെല്ലാം ആന എത്താറുണ്ട്. ഇപ്പോള്‍ ആനക്കൂട്ടത്തിനൊപ്പമാണ് സഞ്ചാരം. ഒരു സാധാരണ കാട്ടാനയെപ്പോലെയാണ് അരിക്കൊമ്പനുള്ളതെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. പുല്ല് അടക്കമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ട്.

തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞതിന് പിന്നാലെ അരിക്കൊമ്പന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധിയാളുകള്‍ എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അരിക്കൊമ്പന് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചത്.

ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജന ജീവിതം താറുമാറാക്കിയതോടെയാണ് ഇടുക്കി ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് അരിക്കൊമ്പനെ തമിഴ്‌നാട്ടിലെ പെരിയാര്‍ കടുവ സങ്കേതത്തില്‍ എത്തിച്ചത്. ഇവിടെ നിന്നും കമ്പം ടൗണില്‍ എത്തിയ അരിക്കൊമ്പന്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കിയതോടെ മയക്കുവെടിയുതിര്‍ത്ത് പിടികൂടി അപ്പര്‍കോതയാറില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ അപ്പര്‍കോതയാര്‍ വന മേഖലയിലാണ് അരിക്കൊമ്പന്‍ ഉള്ളത്. കഴിഞ്ഞ ഒന്‍പത് മാസമായി അപ്പര്‍കോതയാര്‍ മേഖലയില്‍ തുടരുകയാണ്. തുടക്കത്തില്‍ ഒറ്റയ്ക്ക് നടന്ന അരിക്കൊമ്പന്‍ പിന്നീട് മറ്റ് ആനകള്‍ക്കൊപ്പം ചേരുകയായിരുന്നു. കോതയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പന്‍ നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.