അമേരിക്കയ്ക്ക് പുതിയ പ്രസിഡണ്ട് ; 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ കൈവച്ച് ബൈഡന്റെ സത്യപ്രതിജ്ഞ

അമേരിക്കയ്ക്ക് പുതിയ പ്രസിഡണ്ട് ; 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ കൈവച്ച് ബൈഡന്റെ സത്യപ്രതിജ്ഞ

വാഷിങ്ടണ്‍: കാലവും ചരിത്രവും സാക്ഷി. അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്റായി ജോ ബൈഡനും (78) വൈസ് പ്രസിഡന്റായി കമല ഹാരിസും (56) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ നാല്‍പ്പത്തൊമ്പതാമത് വൈസ് പ്രസിഡന്റും ആദ്യ വനിതാ വൈസ് പ്രസിഡന്റുമാണ് ഇന്ത്യന്‍ വംശജകൂടിയായ കമല ദേവി ഹാരിസ്. കമലയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വനിതാ ജഡ്ജി സോണിയ സോട്ടോമേയര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തൊട്ടു പിന്നാലെ ജോ ബൈഡനും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബട്‌സാണ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ കൈവച്ചാണ് ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രസിദ്ധ ഗായിക ലേഡി ഗാഗ ദേശീയ ഗാനം ചൊല്ലിയതോടെയാണ് ചടങ്ങിന് ഔദ്യോഗിക തുടക്കമായത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ബൈഡനും കമലയും നേരത്തേ കാപിറ്റോളിലെത്തിയിരുന്നു. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, സ്പീക്കര്‍ നാന്‍സി പെലോസി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അധികാരമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ആയിരത്തില്‍ താഴെ അതിഥികളാണ് ഉണ്ടായിരുന്നത്. പതിവ് ആള്‍ക്കൂട്ടത്തിനു പകരം കാപ്പിറ്റോള്‍ മന്ദിരത്തിനു മുന്നിലെ നാഷനല്‍ മാള്‍ മൈതാനത്ത് ഇത്തവണ രണ്ടു ലക്ഷത്തോളം പതാകകള്‍ കുത്തിനിര്‍ത്തിയിരുന്നു. കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ജനങ്ങളെ ഒഴിവാക്കിയെങ്കിലും അവരുടെ പ്രതിനിധികളെന്ന നിലയ്ക്കാണ് പതാകകള്‍. മൈതാനത്ത് 56 വെളിച്ച സ്തംഭങ്ങളും സ്ഥാപിച്ചിരുന്നു. യുഎസ് സ്റ്റേറ്റുകളില്‍നിന്നും അധീനതയിലുള്ള മറ്റു സ്ഥലങ്ങളില്‍നിന്നുമുള്ള ഓരോരുത്തരെയാണ് ഇതു പ്രതിനിധീകരിക്കുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് യാത്ര പറഞ്ഞു പോകുന്ന സമയത്ത് പ്രധാന റിപ്പബ്ലിക്കന്‍ നേതാക്കള്‍ ആരും എത്തിയിരുന്നില്ല. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഉള്‍പ്പെടെയുള്ളവര്‍ വൈറ്റ് ഹൗസില്‍ നിന്ന് വിട്ടു നിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.