ചിലിയില്‍ കാട്ടുതീ പടരുന്നു, മരണം 112 പിന്നിട്ടു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ചിലിയില്‍ കാട്ടുതീ പടരുന്നു, മരണം 112 പിന്നിട്ടു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

സാന്റിയാഗോ: ചിലിയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 112 ആയി. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഏകദേശം 64,000 ഏക്കര്‍ വനഭൂമിയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്. തീ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ഗബ്രിയേല്‍ ബോറിക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ചിലിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു. 112 മൃതദേഹങ്ങളില്‍ 32 എണ്ണം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തില്‍ 1600 വീടുകള്‍ കത്തി നശിച്ചു. വനമേഖലയോട് ചേര്‍ന്നു താമസിച്ചവരാണ് ദുരന്തത്തിന് ഇരയായായത്.

'ദുരന്തത്തില്‍ മരണപ്പെട്ടവരെ ഓര്‍ത്ത് അഗാധമായ ദുഃഖമുണ്ട്, നാം ഒറ്റക്കെട്ടാണ്, ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന. ദുരന്തത്തെ അതിജീവിക്കാന്‍ ജനങ്ങള്‍ക്കാവശ്യമായ പിന്തുണ നല്‍കുമെന്നും ഗബ്രിയേല്‍ ബോറിക് പറഞ്ഞു. 2010ലെ ഭൂചലനത്തിനും സുനാമിക്കും ശേഷം ചിലി അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണിത്. അഞ്ഞൂറോളം പേരാണ് അന്ന് ഭൂചലനത്തില്‍ മരിച്ചത്.

31 ഹെലികോപ്റ്ററുകളിലായി 1400 അഗ്‌നിശമന സേനാംഗങ്ങളാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. ഉയര്‍ന്ന താപനിലയും കുറഞ്ഞ ഈര്‍പ്പവും ശക്തമായ കാറ്റും ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഉഷ്ണ തരംഗത്തെ നേരിട്ടുകൊണ്ടിരിക്കെയാണ് ചിലിയില്‍ തീപിടിത്തമുണ്ടായത്. താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയതും വരണ്ട സാഹചര്യങ്ങളും സാഹചര്യം മോശമാക്കി. കാട്ടുതീയെ തുടര്‍ന്ന് ചിലെയുടെ തീരദേശ നഗരങ്ങളിലേക്കും പുക പടര്‍ന്നതോടെ നൂറുകണക്കിന് പേരാണ് വീടുകളുപേക്ഷിച്ച് പലായനം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.