'നമുക്കറിയാം എന്ന് നാം കരുതുന്ന ദൈവത്തെ ഉപേക്ഷിച്ച് സുവിശേഷത്തിലെ ദൈവത്തെ അറിയൂ, ചമയങ്ങളണിഞ്ഞ ക്രിസ്ത്യാനി ആകാതെ വിശ്വാസത്തില്‍ പക്വത പ്രാപിക്കൂ': മാര്‍പ്പാപ്പ

'നമുക്കറിയാം എന്ന് നാം കരുതുന്ന ദൈവത്തെ ഉപേക്ഷിച്ച് സുവിശേഷത്തിലെ ദൈവത്തെ അറിയൂ, ചമയങ്ങളണിഞ്ഞ ക്രിസ്ത്യാനി ആകാതെ വിശ്വാസത്തില്‍ പക്വത പ്രാപിക്കൂ': മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ കര്‍ത്താവു കാണിച്ചുതന്ന മാതൃക പിഞ്ചെന്ന്, സ്‌നേഹനിധിയായ ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും ചുറ്റും പ്രസരിപ്പിക്കുന്നവരാകണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. നമുക്ക് അറിയാമെന്ന് നാം വിചാരിക്കുന്ന ദൈവത്തെ ഉപേക്ഷിക്കണമെന്നും പകരം, സുവിശേഷത്തിലൂടെ യേശു കാണിച്ചു തരുന്ന ദൈവത്തിലേക്ക് അനുദിനം മനസ് തിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് വചന സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. നന്മ ചെയ്തുകൊണ്ടും സുവിശേഷം പ്രസംഗിച്ചുകൊണ്ടും നിരന്തരം സഞ്ചരിക്കുന്ന യേശുവിനെയാണ് മര്‍ക്കോസിന്റെ സുവിശേഷത്തില്‍ നമുക്ക് കാണാനാവുന്നതെന്ന് പാപ്പ പറഞ്ഞു. (മര്‍ക്കോസ് 1: 29 - 39)

യേശുവിന്റെ മാതൃക നമ്മെ വെല്ലുവിളിക്കുന്നു

യേശു ചെയ്ത നിരന്തരമായ യാത്രകള്‍ ദൈവത്തിന്റെ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. അതേസമയം, ചില ചോദ്യങ്ങള്‍ ഉയര്‍ത്തി അത് നമ്മെ വെല്ലുവിളിക്കുകയും ചെയ്യുന്നു - പാപ്പ അഭിപ്രായപ്പെട്ടു.

മുറിവേറ്റ മനുഷ്യത്വത്തിലേക്ക് കടന്നുചെല്ലാന്‍ വേണ്ടിയായിരുന്നു എപ്പോഴും യേശുവിന്റെ സഞ്ചാരം. പിതാവായ ദൈവത്തിന്റെ മുഖമാണ് അവിടുന്ന് ഇതിലൂടെ വെളിപ്പെടുത്തിയത്. ഇന്നും ചിലര്‍ മനസ്സിലാക്കിയിരിക്കുന്നതു പോലെ, വിദൂരതയിലുള്ള ഒരു ദൈവമല്ല നമുക്കുള്ളത്. മറിച്ച്, താന്‍ പ്രസംഗിച്ച അതേ വചനത്താല്‍, മനുഷ്യരെ സ്പര്‍ശിക്കാനും സുഖപ്പെടുത്താനുമായി പ്രസംഗശേഷം സിനഗോഗ് വിട്ട് അവരെ തേടിയിറങ്ങുന്ന ദൈവത്തെയാണ് യേശുവില്‍ നാം കണ്ടെത്തുന്നത്.

ദൈവം സ്‌നേഹനിധിയായ പിതാവ്

നമ്മില്‍ നിന്ന് വേറിട്ടു നില്‍ക്കുകയും ഉന്നതങ്ങളില്‍ നിന്ന് നമ്മോട് സംസാരിക്കുകയും ചെയ്യുന്ന ഒരു യജമാനനല്ല ദൈവം. മറിച്ച്, നമ്മുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന, നമ്മുടെ ശരീരത്തെയും ആത്മാവിനെയും സുഖപ്പെടുത്തി നമ്മെ വിമോചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവമാണ് അവിടുന്ന്. സ്‌നേഹനിര്‍ഭരമായ അവിടുത്തെ പിതൃ ഹൃദയം ആഗ്രഹിക്കുന്നത് എപ്പോഴും നമ്മുടെ അരികിലായിരിക്കണമെന്നാണ്.

സാമീപ്യം, അനുകമ്പ, ആര്‍ദ്രത എന്നീ മൂന്നു വാക്കുകളാല്‍ ദൈവത്തിന്റെ മനോഭാവം നമുക്കു സംഗ്രഹിക്കാം - പാപ്പാ പറഞ്ഞു. അവിടുന്ന് നമ്മുടെ അടുത്തേക്ക് വരുന്നത് നമ്മോടൊപ്പം യാത്ര ചെയ്യാനും ആര്‍ദ്രതയോടെ നമ്മോട് ക്ഷമിക്കാനുമാണ് - പാപ്പ കൂട്ടിച്ചേര്‍ത്തു.

കരുണയുള്ള ഒരു പിതാവിന്റെ മുഖമാണോ ദൈവത്തില്‍ നാം കാണുന്നത്? അതോ, വിദൂരതയിലെങ്ങോ വസിക്കുന്ന, തണുത്തുറഞ്ഞ മനസുള്ള ഒരു ദൈവത്തെയാണോ നാം വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത്? വിശ്രമരഹിതമായി യാത്ര ചെയ്യാന്‍ നമ്മുടെ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നുണ്ടോ? യേശുവിനെപ്പോലെ മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍, നാം കേള്‍ക്കുന്നതും പ്രഘോഷിക്കുന്നതുമായ വചനം നമ്മെ പ്രചോദിപ്പിക്കാറുണ്ടോ? താല്‍ക്കാലികമായ ആശ്വാസം മാത്രമാണോ നമ്മുടെ വിശ്വാസം കൊണ്ട് നാം ലക്ഷ്യമാക്കുന്നത്? ഇവയെല്ലാം നാം സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ് - പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു.

ആത്മീയതയിലെ നമ്മുടെ പ്രഥമ ദൗത്യം

നമുക്കറിയാം എന്ന് നാം വിചാരിക്കുന്ന ദൈവത്തെ ഉപേക്ഷിച്ച്, സുവിശേഷത്തിലൂടെ യേശു നമുക്ക് വെളിപ്പെടുത്തിത്തരുന്ന ദൈവത്തിലേക്ക് - അനുകമ്പയോടെ നമ്മെ സ്‌നേഹിക്കുന്ന പിതാവിലേക്ക് - അനുദിനം നമ്മുടെ മനസുകളെ തിരിക്കണം. ആത്മീയതയിലെ നമ്മുടെ പ്രഥമ ദൗത്യം ഇതാണ് - പാപ്പ പറഞ്ഞു. പിതാവിന്റെ യഥാര്‍ത്ഥ മുഖം കണ്ടെത്തുമ്പോഴാണ് നമ്മുടെ വിശ്വാസം പക്വത പ്രാപിക്കുന്നത്. അപ്പോള്‍ മാത്രമേ 'ചമയങ്ങളണിഞ്ഞ ക്രിസ്ത്യാനികള്‍' എന്നതിനേക്കാളുപരി, ദൈവം തരുന്ന പ്രത്യാശയുടെയും സൗഖ്യത്തിന്റെയും വാഹകരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ബോധ്യം നമുക്കുണ്ടാകൂ - മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തി.

കര്‍ത്താവിനെ പ്രഘോഷിക്കാനും അവിടുത്തേക്ക് സാക്ഷ്യം വഹിക്കാനുമായി നമ്മില്‍ നിന്ന് പുറത്തുകടക്കാന്‍ പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.