വിവാദ പ്രസംഗം: റിയാസ് ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് സിപിഎം സംസ്ഥാന നേതൃത്വം

വിവാദ പ്രസംഗം: റിയാസ് ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് സിപിഎം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തലസ്ഥാനത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള റിയാസിന്റെ പ്രസംഗം അപക്വമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നേതൃത്വത്തിന്റെ അതൃപ്തി മന്ത്രിയെ അറിയിച്ചെന്നാണ് സൂചന. കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുയോഗത്തില്‍ കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ട് പ്രസംഗിച്ച മുഹമ്മദ് റിയാസിന്റെ നടപടിയില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടി ഭരിക്കുന്ന നഗരസഭക്ക് എതിരായി പോലും വ്യാഖ്യാനിക്കാവുന്ന പ്രയോഗം എന്ന രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചക്ക് വന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കം മുതിര്‍ന്ന നേതാക്കളില്‍ മിക്കവരും റിയാസിന്റെ നടപടി തെറ്റെന്ന് വിലയിരുത്തി. പ്രസംഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതു നിലപാട്. പ്രസംഗം വിവാദമായതോടെ താന്‍ ഉദ്ദേശിച്ചത് കടകംപള്ളിയെയോ മറ്റ് നേതാക്കളേയോ ആയിരുന്നില്ലെന്ന പരാമര്‍ശത്തോടെ റിയാസ് രംഗത്തെത്തിയിരുന്നു. റിയാസുമായി യാതൊരു പ്രശ്‌നവുമില്ലെന്ന തരത്തില്‍ ഫേസ്ബുക്കില്‍ കടകംപള്ളിയും കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.