ട്രംപിന്റെ 17 ഉത്തരവുകള്‍ തിരുത്തി ബൈഡന്റെ ആദ്യ ദിനം; അമേരിക്കയില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടെന്നും പുതിയ പ്രസിഡന്റ്

ട്രംപിന്റെ 17 ഉത്തരവുകള്‍ തിരുത്തി ബൈഡന്റെ ആദ്യ ദിനം;  അമേരിക്കയില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടെന്നും പുതിയ പ്രസിഡന്റ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിവാദമായ 17 ഉത്തരവുകള്‍ തിരുത്തി ജോ ബൈഡന്‍. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ വീണ്ടും പങ്കാളിയാവാന്‍ തീരുമാനിച്ചത് അടക്കം നിരവധി ഉത്തരവുകളില്‍ ജോ ബൈഡന്‍ ഒപ്പിട്ടു. ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും സഹായവും പുനഃസ്ഥാപിക്കന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളിലും ഒപ്പിട്ടു.

മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. 2017ല്‍ മുന്‍ പ്രസിഡന്റ് ട്രംപാണ് വിവാദ ഉത്തരവിറക്കിയത്. യുഎസ് മെക്സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുള്ള മതില്‍ നിര്‍മാണത്തിന്റെ ഫണ്ട് മരവിപ്പിക്കല്‍, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്നു വിലയിരുത്തപ്പെടുന്ന കീസ്റ്റോണ്‍ എക്സ്എല്‍ പൈപ്പ്‌ലൈന്‍ പദ്ധതി റദ്ദാക്കല്‍ എന്നിവയാണ് മറ്റ് ഉത്തരവുകള്‍. പൊതുസ്ഥാപനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.

വാക്സീന്‍ വിതരണ ഏകോപനച്ചുമതലയുള്‍പ്പെടെ കോവിഡിനെതിരെ കര്‍മസേന രൂപീകരിക്കുന്നതാണ് മുന്‍ഗണനയിലുള്ളത്. വംശീയാടിസ്ഥാനത്തില്‍ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, കോണ്‍ഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെന്‍സസില്‍ പൗരത്വമില്ലാത്തവരെയും ഉള്‍പ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളിലും ബൈഡന്റെ കൈയ്യൊപ്പ് പതിഞ്ഞു. രേഖകളില്ലാതെ കുടിയേറിയവര്‍ക്കുള്ള സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്.

പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ അമേരിക്കയില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടുവെന്ന് ജോ ബൈഡന്‍ പറഞ്ഞു.ഐക്യമാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള വിജയപാത. ഐക്യത്തെ പറ്റി സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഭാവന മാത്രമാണെന്ന് തനിക്കറിയാം. ഐക്യത്തോടെ നിന്നുവേണം പ്രതിസന്ധികളെ നേരിടാന്‍. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തിരിച്ചറിഞ്ഞെന്നും ബൈഡന്‍ വ്യക്തമാക്കി.

കാപിറ്റോള്‍ ടവറിന് നേരെ നടന്ന ആക്രമണത്തെ ബൈഡന്‍ അപലപിച്ചു. ജനാധിപത്യത്തിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നത് എന്നാണ് ബൈഡന്‍ ആക്രമത്തെ പരാമര്‍ശിച്ചത്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇത്തരമൊരു സംഭവം ഇനിയൊരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും ബൈഡന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും നീതി എന്ന സ്വപ്നത്തിന് ഇനി താമസം ഉണ്ടാകില്ലെന്നും താന്‍ എല്ലാവരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.