ഗാസ സിറ്റി: അമേരിക്ക, ഖത്തര്‍, ഈജിപ്ത്, എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഗാസയില്‍ വീണ്ടും താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത. വെടിനിര്‍ത്തല്‍ കരാറിനോട് ഹമാസ് അനുകൂലമായി പ്രതികരിച്ചു. എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമുണ്ടായിട്ടില്ല.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് ഹമാസ് ബന്ദിയാക്കിയവരെ തിരിച്ചയക്കുന്നതിനും ഇസ്രയേലില്‍ നിന്നും പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും നാല് മാസമായി തുടരുന്ന സംഘര്‍ഷത്തിന് വിരാമമിടുന്നതിനുമുള്ള വ്യവസ്ഥകളാണ് കരാറില്‍ മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുള്ളത്. ബന്ദികളെ മോചിപ്പിച്ചുകൊണ്ടുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ആറ് ആഴ്ച നീണ്ടുനില്‍ക്കുന്നതാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വെടിനിര്‍ത്തല്‍ കരാറിനോട് ഹമാസിന്റെ അനുകൂല നിലപാട് സ്ഥിരീകരിച്ചതിന് പിന്നാലെ കരാര്‍ ചര്‍ച്ചകള്‍ക്കിടെ 31 ബന്ദികളുടെ മരണം സംഭവിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. ഹമാസ് തടവിലാക്കപ്പെട്ട ബന്ദികളില്‍ ഏതാണ്ട് അഞ്ചിലൊന്ന് പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങി. കൂടാതെ ഇരുപതോളം ബന്ദികളുടെ ജീവന്‍ അപകടത്തിലാണെന്നും ഒരു പക്ഷേ അവരും തടവിലായിരിക്കെ മരിച്ചിട്ടുണ്ടാകുമെന്നുമുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.
മുഴുവന്‍ ബന്ദികളുടെയും മോചനം ഇതുവരെ സാധ്യമാക്കാത്തതില്‍ ബെഞ്ചമിന്‍ ഭരണകൂടത്തിനെതിരെ ഇസ്രയേലില്‍ പ്രതിഷേധം ശക്തമാണ്. ബന്ദികള്‍ക്ക് മാനുഷിക പരിഗണനകള്‍ നല്‍കി സംരക്ഷിക്കുന്നതില്‍ ഇസ്രയേല്‍ ഭരണകൂടം പരാജയപ്പെട്ടെന്ന ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്.
ഹോസ്റ്റേജ് ആന്‍ഡ് മിസിങ് ഫാമിലീസ് ഫോറം എന്ന സംഘടന മുഖാന്തരമാണ് 31 ബന്ദികള്‍ മരണപ്പെട്ടതായി സ്ഥിരീകരണമുണ്ടായത്. സൈനിക സമ്മര്‍ദത്തിലൂടെ ബന്ദികളെ മോചിപ്പിക്കുക എന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ ഇസ്രയേല്‍ തന്നെ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.